ബിന്ദു അമ്മിണിക്കെതിരായ മുളക് സ്പ്രേ ആക്രമണം: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

By Web TeamFirst Published Nov 27, 2019, 3:34 PM IST
Highlights

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദില്ലി: ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയോട് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്. 

ചൊവ്വാഴ്ചയാണ് ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടന്നത്. ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്‍റെയും ഒപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ വച്ചാണ് മുളക് സ്പ്രേ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. മുളക് സ്പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.

click me!