വഞ്ചിയൂരിൽ മജിസ്ട്രേറ്റിനെ കോടതിയിൽ തടഞ്ഞ് അഭിഭാഷകർ: പ്രതിയെ മോചിപ്പിക്കാനും ശ്രമം

By Web TeamFirst Published Nov 27, 2019, 3:08 PM IST
Highlights

അഭിഭാഷകര്‍ തടഞ്ഞ വിവരം മജിസ്ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ അതിനാടകീയവും അസാധാരണവുമായ സംഭവവികാസങ്ങള്‍. ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞു. 

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍. കേസില്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീ ഇന്ന് കോടതിയില്‍ ഹാജരാവരുതെന്ന് തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കുകയും ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 

അസോസിയേഷന്‍ ഭാരവാഹികളായ അഭിഭാഷകരുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിന്‍റെ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ജഡ്ജിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായി എന്ന് ആരോപണമുണ്ട്. 

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ മണിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. മണി ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായിരുന്ന സ്ത്രീയാണ് ഭീക്ഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയത്.  രണ്ട് വര്‍ഷം മുന്‍പ് വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ ശേഷം ഇവിടെ മാധ്യമങ്ങള്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിഷേധത്തിന്‍റെ ചിത്രങ്ങളോ വീഡിയോയോ ലഭ്യമല്ല. 

അതേസമയം സംഭവത്തില്‍ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ വിമര്‍ശനവുമായി വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെപി ജയചന്ദ്രന്‍ രംഗത്തു വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മജിസ്ട്രേറ്റ് ദീപ മോഹനനെതിരെ നേരത്തെ തന്നെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണെന്നും ചട്ടവിരുദ്ധമായ നടപടികളാണ് ദീപയുടെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

അഡ്വ.കെ.പി.ജയചന്ദ്രന്‍റെ വാക്കുകള്‍...

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിലെ മജിസ്ട്രേറ്റാണ് ദീപ മോഹന്‍. ക്രിമിനല്‍ കേസിലെ നടപടിക്രമം മനസിലാക്കാതെയാണ് അവര്‍ ഒരു കേസില്‍ ഇടപെട്ടതാണ് ഇന്നുണ്ടായ സംഭവങ്ങള്‍ക്ക് കാരണം. വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ ഡ്രൈവര്‍ക്കെതിരെ നല്‍കിയ കേസാണ് ഇത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 337-ാം വകുപ്പ് അനുസരിച്ചാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. 

കേസില്‍ വാദിക്കാരിയായ സ്ത്രീ പ്രതിയായ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ തന്നെ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായി മൊഴി നല്‍കി. സാധാരണ ഗതിയില്‍ വാദിഭാഗം ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ അതിനെ പ്രതിരോധിക്കാനും ഖണ്ഡിക്കാനും പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കണം. എന്നാല്‍ ഇതിനൊന്നും നില്‍ക്കാതെ ചട്ടവിരുദ്ധമായി ഡ്രൈവറെ റിമാന്‍ഡ് ചെയ്യുകയാണ് മജിസ്ട്രേറ്റ് ചെയ്തത്. 

ചാര്‍ജ് ഷീറ്റില്‍ പോലും പറയാത്ത ഒരു കുറ്റം ഉന്നയിക്കപ്പെടുമ്പോള്‍ അതില്‍ പ്രതിഭാഗത്തിന്‍റേയും പ്രതിയുടേയോ ഭാഗം കേള്‍ക്കാതെ റിമാന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ്. പല തവണയായി മജിസ്ട്രേറ്റ് ഇതാവര്‍ത്തിച്ച സാഹചര്യത്തിലാണ് ഇന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കൂടി ഇക്കാര്യം മജിസ്ട്രേറ്റിനെ നേരില്‍ കണ്ട് പരാതിപ്പെട്ടത്. 

കേസില്‍ പ്രതിഭാഗത്തിനായി ഹാജരായ സീനിയര്‍ അഭിഭാഷകനും അദ്ദേഹത്തിന്‍റെ ജൂനിയര്‍മാരും അടക്കം സാമാന്യം വലിയൊരു കൂട്ടം അവിടെയുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരുപക്ഷേ ഇതു കണ്ട് അവര്‍ ഭയന്നിരിക്കാം. അതല്ലാതെ അവരെ ആരും തടയുകയോ പൂട്ടിയിടുകയോ ചെയ്തിട്ടില്ല.കേസില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ‍ഞങ്ങള്‍ സിജെഎം കോടതിയെ സമീപിച്ചിട്ടുണ്ട്.

 ഈ മജിസ്ട്രേറ്റിന്‍റെ കോടതിയില്‍ മൂന്നാമത്തേയോ നാലമത്തേയോ തവണയാണ് ഈ സംഭവം ആവര്‍‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ കോടതിയില്‍ ഇനി വരുന്ന കേസുകളുമായി സഹകരിക്കേണ്ടതില്ലെന്ന് ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. 

click me!