പേരാവൂര്‍ ചിട്ടി തട്ടിപ്പ്: സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

By Web TeamFirst Published Oct 18, 2021, 12:40 AM IST
Highlights

ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്ന് സിപിഎം വിശദീകരിച്ചു. ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയന്‍.
 

കണ്ണൂര്‍: പേരാവൂര്‍ (Peravoor) ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം (CPM) ലോക്കല്‍ സെക്രട്ടറി (Local secretary) എ. പ്രിയനെ മാറ്റി. ഞായറാഴ്ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. പി പ്രഹ്‌ളാദനെ പകരം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്ന് സിപിഎം വിശദീകരിച്ചു. ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയന്‍.

സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കിയില്ല. ആകെ ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതി. പല തവണ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി. സ്വന്തം വീട് വിറ്റ് പണം തിരികെ നല്‍കാമെന്ന് സൊസേറ്റിസെക്രട്ടറി പിവി ഹരിദാസ് എഴുതി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
 

click me!