ചിട്ടി തട്ടിപ്പ്; കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം നൽകും, മുൻ പ്രസിഡൻ്റ് ചോദ്യം ചെയ്യലിന് ഹാജരായി

By Web TeamFirst Published Oct 11, 2021, 6:48 PM IST
Highlights

ക്രമക്കേടിൽ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ല. പണം തിരിച്ച് നൽകാം എന്ന് സിപിഎം പറഞ്ഞാൽ നിക്ഷേപകർക്ക് അത്  വിശ്വസിക്കാമെന്നും എ പ്രിയൻ.

കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ (Peravoor House Building Co-op Society) നടന്ന കോടികളുടെ ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തിൽ നിന്ന് സൊസൈറ്റി സെക്രട്ടറി ഒഴിഞ്ഞു മാറിയെങ്കിലും മുൻ പ്രസിഡൻ്റ് എ പ്രിയൻ (a priyan) മൊഴി നൽകാനെത്തി. വിജിലൻസ് പൊലീസ് അന്വേഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് പ്രിയൻ മാധ്യമങ്ങളോട് പറഞ്ഞു. കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി നേതൃത്വവുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ല. ക്രമക്കേടിൽ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും എ പ്രിയൻ പറഞ്ഞു. പണം തിരിച്ച് നൽകാം എന്ന് സിപിഎം പറഞ്ഞാൽ നിക്ഷേപകർക്ക് അത്  വിശ്വസിക്കാം. ചിട്ടി ഇടപാടിന്റെ വിശദാംശങ്ങൾ അന്വേഷണം നടക്കുന്നതിനാൽ പുറത്ത് പറയാനാകില്ല. തട്ടിപ്പിൽ തനിക്ക് പങ്കുണ്ട് എന്ന നിക്ഷേപകരുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും സിപിഎം നെടുമ്പോയിൽ ലോക്കൽ സെക്രട്ടറി കൂടിയായ എ പ്രിയൻ പറഞ്ഞു.

അതേസമയം, പേരാവൂരിൽ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകർ നിരാഹര സമരം തുടങ്ങി. പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിട്ടും പണം തിരിച്ച് കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ പേരാവൂരിലെ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം തുടങ്ങിയത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റിലേ സത്യഗ്രഹത്തിൽ സമരസമിതി കൺവീനർ സിബി മേച്ചേരി ആദ്യദിവസം കിടന്നു. 432 പേരിൽ നിന്നായി തട്ടിയെടുത്ത അഞ്ച് കോടിയിലേറെ രൂപ തിരികെ കിട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപനം. സൊസൈറ്റിയുടെ ആസ്തി വിറ്റ പണം നൽകും എന്ന് സിപിഎം പ്രഖ്യാപനത്തിൽ വിശ്വാസമില്ലെന്നും സിപിഎം ഇതുവരെ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും സിബി പറയുന്നു.

അതേസമയം, രണ്ട് തവണയായി നോട്ടീസ് നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാറിന് മുമ്പാകെ സെക്രട്ടറി പി വി ഹരിദാസ് ഹാജരായില്ല. ഇനി വാറണ്ട് പുറപ്പെടുവിക്കും.

click me!