സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവം; യുവാവിനെതിരെ പരാതിയുമായി പെൺകുട്ടി

By Web TeamFirst Published Jun 3, 2019, 5:50 PM IST
Highlights

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാഷിദ് അലി ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ ആരോപണം. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ പെൺകുട്ടിയുടെ ആരോപണമെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്

മലപ്പുറം: പെരിന്തൽമണ്ണയിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ നാഷിദ് അലിക്കെതിരെ പരാതിയുമായി പെൺകുട്ടി രംഗത്തെത്തി. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാഷിദ് അലി ഭീഷണിപ്പെടുത്തിയെന്നും നിരന്തരമായി ശല്യം ചെയ്തിരുന്നുമെന്നാണ് പെൺകുട്ടിയുടെ ആരോപണം. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ പെൺകുട്ടിയുടെ ആരോപണമെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിൽ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസില്‍  പരാതി നല്‍കിയതിന്‍റെ പേരില്‍ പെൺകുട്ടിയുടെ ബന്ധുക്കളില്‍ നിന്ന്  ഭീഷണിയുണ്ടെന്ന് നാഷിദ് അലിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. അക്രമി സംഘത്തിലെ അഞ്ചുപേരെ ഇനിയും  പിടികൂടാനുണ്ട്. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്ന് നാഷിദ് അലിയുടെ അമ്മ ആവശ്യപ്പെട്ടു. 

വലമ്പൂര്‍ സ്വദേശികളായ കലംപറമ്പില്‍ ഹമീദ്, പെൺകുട്ടിയുടെ അടുത്ത ബന്ധു മുഹ്സിന എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതില്‍ ഹമീദ്, നാഷിദ് അലിയെ ആക്രമിച്ചയാളും മുഹ്സിനയെ സഹായിച്ച ആളുമാണ്. ഹമീദിനെ നേരത്തെ നാഷിദ് അലി തിരിച്ചറിഞ്ഞിരുന്നു.

"പെൺകുട്ടിയുമായി അടുപ്പമുണ്ടായതില്‍ എതിര്‍പ്പുണ്ടെങ്കില്‍ മാതാപിതാക്കളെ വിവരം അറിയിക്കാമായിരുന്നു. ഇത് ചെയ്യാതെ ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതിന പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കണം. പരാതിയുമായായി മുന്നോട്ടുപോകരുതെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ട്. പരാതി നൽകിയതിന്‍റെ വിരോധത്തിൽ വീണ്ടും ആക്രമിക്കുമോയെന്ന ഭയവുമുണ്ട്" നാഷിദ് അലിയുടെ അമ്മ പറഞ്ഞു.

click me!