പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് സഹായം നൽകിയ മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 25, 2022, 10:01 PM IST
Highlights

പ്രതികൾക്ക് സഹായം നൽകിയ വിജീഷ്, മധു, നജ്മുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി.

മലപ്പുറം: മലപ്പുറം അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ സ്വർണ്ണക്കടത്ത് സംഘം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് സഹായം നൽകിയ വിജീഷ്, മധു, നജ്മുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നിരുന്നു.

വിദേശത്ത് നിന്നും ഒരു കിലോയോളം സ്വർണ്ണമാണ് പെരിന്തല്‍മണ്ണയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കാരിയർ അബ്ദുൽ ജലീലിന്റെ പക്കൽ കൊടുത്തയച്ചതെന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി യഹിയയുടെ മൊഴി. ഇത് ലഭിക്കാത്തതിനാലാണ് ജലീലിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ജിദ്ദയിൽ നിന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ  മാറ്റാർക്കോ ജലീൽ സ്വർണ്ണം കൈമാറി എന്നാണ് പൊലീസ് നിഗമനം.

Also Read: പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേർ വിദേശത്തേക്ക് കടന്നു

പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ നിന്നും പിടിയിലായ യഹിയയെ ചോദ്യം ചെയ്തില്‍ നിന്നാണ് കേസിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയിൽ വച്ച് ഒരു കിലോയോളം സ്വര്‍ണ്ണം നാട്ടിലേക്ക് കടത്താന്‍ ജലീലിന് കൈമാറിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ യഹിയയ്ക്കും സംഘത്തിനും കടത്ത് സ്വര്‍ണം കൈമാറമെന്ന ധാരണ പാലിക്കപ്പട്ടില്ല. ഇതോടെയാണ് ജലീലിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച നാല് പേരില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

click me!