പെരിയ കേസ്: ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഏഴ് പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

By Web TeamFirst Published Aug 25, 2020, 12:12 PM IST
Highlights

ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഒന്ന് മുതൽ ഏഴാം പ്രതി വരെയുള്ളവർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. 

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെയുള്ള ഏഴ് പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികള്‍ നൽകിയ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് നാരായണ പിഷാരടി ആണ് ഹർജി തള്ളിയത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയും കോടതി തള്ളി. കൃപേഷ്, ശരത്ത് ലാൽ എന്നീ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ച കേസിൽ സിപിഎമ്മാണ് പ്രതിസ്ഥാനത്തെന്ന് കോടതീ നിരീക്ഷിച്ചു. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് നിര്‍ണായക തീരുമാനം വരുന്നത്. വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി നടപടി. 

കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണ്ണായക തീരുമാനം. കേസിൽ വിധി വരുന്നത് വരെ തുടർ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. വാദം പൂർത്തിയായി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് സിബിഐ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിൾ ബെഞ്ച് സിബിഐയ്ക്ക് കൈമാറിയത്. 

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഈ കുറ്റപത്രം റദ്ദാക്കിയ നടപടി ഹൈക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തു. 2019 ഓക്ടോബർ 29ന് സിബിഐ 13 പ്രതികളെ ഉൾപ്പെടുത്തി എഫ്ഐആർ സമർപ്പിച്ചു. സർക്കാർ അപ്പീൽ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹർജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

click me!