പെരിയ ഇരട്ട കൊലപാതക കേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി, പ്രതിഷേധിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published Aug 10, 2021, 8:34 AM IST
Highlights

 ബൈക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉള്ളതായാണ് ക്രൈംബ്രാഞ്ച് സിബിഐയെ അറിയിച്ചത്. എന്നാൽ ബൈക്ക് കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നാണ് ബേക്കൽ പൊലീസ് പറയുന്നത്.

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച ബൈക്കാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച ബൈക്കാണ് കാണാതായത്. ശരത് ലാലിനെയും,കൃപേഷിനെയും അക്രമിക്കുന്നതിനെത്തിയ സംഘം ഉപയോഗിച്ച മോട്ടോർ സൈക്കിളുകളിൽ ഒന്നായിരുന്നു ഇത്.

കേസിലെ എട്ടാം പ്രതി പനയാല്‍ വെളുത്തോളി സ്വദേശി എ സുബീഷ് സഞ്ചരിച്ച കെഎൽ 60 എൽ 5730 ഹോണ്ട മോട്ടോർ സൈക്കിളാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത മോട്ടോർ സൈക്കിൾ കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയതായി ബേക്കൽ പൊലീസ് പറയുന്നു. എന്നാൽ, ബേക്കൽ പൊലീസിന്‍റെ സുരക്ഷ കസ്റ്റഡിയിൽ കോടതി, ബൈക്ക് നൽകിയതായാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ഇപ്പോൾ സിബിഐ അന്വേഷിക്കുന്ന കേസില്‍ ആയുധങ്ങളുടെ ഫോറന്‍സിക്ക് പരിശോധനയടക്കം നടക്കാനിരിക്കെയാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാണാതായിരിക്കുന്നത്. ഈ ബൈക്ക് ഉള്‍പ്പടെ പന്ത്രണ്ട് വാഹനങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. കൊലക്ക് ശേഷം ഗൾഫിലേക്ക് കടന്ന സുബീഷിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കാണാതായ വാഹനത്തിനായി തെരച്ചിലിലാണ് പൊലീസ്.

സംഭവത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ട് നില്‍ക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളും 65 തൊണ്ടിമുതലുകളും കണ്ടെടുത്തതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്.

പെരിയ കേസിലെ 14 പ്രതികളും സിപിഎമ്മിന്‍റെ നേതാക്കളോ അംഗങ്ങളോ അനുഭാവികളോ ആണ്. എട്ടാം പ്രതിയായ സുബീഷ് കണ്ണൂർ ലോബിയുടെ കണ്ണിയാണെന്നും പാർട്ടി ഇയാളെ സംരക്ഷിക്കുകയാണെന്നുമാണ് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചത്.  പ്രതികൾ ഉപയോഗിച്ചതായി പറയപ്പെടുന്ന മൂന്ന് കാറുകളും ഒരു ജീപ്പും അഞ്ച് ബൈക്കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. മറ്റ് വാഹനങ്ങള്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുള്ളപ്പോള്‍ സുബീഷിന്‍റെ വാഹനം മാത്രം കാണാതായത് എങ്ങനെയെന്ന അന്വേഷിക്കുകയാണ് പൊലീസ്. സംഭവത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും പരസ്പരം പഴിചാരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!