
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചുള്ള കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. കേസിൽ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായെന്നാണ് കോടതി വിധിയിലുള്ളത്. ഇതോടൊപ്പം പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാൻ മാധ്യമപ്രവര്‍ത്തകന്‍റെ മൊഴിയും ഏറെ നിര്‍ണായകമായെന്നും വിധി പകര്‍പ്പിലുണ്ട്. ദീപിക ലേഖകൻ മാധവന്‍റെ മൊഴിയാണ് നിര്‍ണായകമായത്.
അക്രമ രാഷ്ട്രീയം മൂലം രണ്ട് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട കേസാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവന ആരംഭിക്കുന്നത്. ചെറു പ്രായത്തിലെ രണ്ട് യുവാക്കള്‍ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരകളായെന്നും ഇതോടെ രണ്ടു കുടുംബങ്ങളെയാണ് തീരാദു:ഖത്തിലാഴ്ത്തിയതെന്നും കോടതി വിധിയിൽ പറയുന്നു. ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിര്‍ണായകമായത്.
മരിച്ച രണ്ടു പേരുടെയും ഡിഎൻഎ സാമ്പിളുകള്‍ കൊലയ്ക്ക് ഉപയോഗിച്ച വാളിൽ കണ്ടെത്തി. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളുടെ രക്തം ആയുധത്തിലും കണ്ടെത്തി. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് ശിക്ഷാ വിധിയിൽ കോടതി വ്യക്തമാക്കി.
കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
പെരിയ ഇരട്ടക്കൊല: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സികെ ശ്രീധരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam