
കണ്ണൂർ : പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചതിനെതിരെ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം. കുറ്റവാളികളുടെ ശിക്ഷ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ശരത് ലാലിന്‍റെ അച്ഛൻ സത്യ നാരായണൻ പറഞ്ഞു. സിപിഎമ്മുകാരുടെ സ്വര്‍ഗ ലോകമാണ് കണ്ണൂര്‍ ജയിലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലയാളികളെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎമ്മെന്ന് കൃപേഷിന്‍റെ അച്ഛൻ കൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജയിൽ ഉപദേശക സമിതി അംഗമായ പി ജയരാജൻ ജയിലിലെത്തി കുറ്റവാളികളെ കണ്ടത് തെറ്റായ പ്രവണതയെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ പ്രതികരിച്ചു. ജയിൽ ഉപദേശക സമിതി അംഗത്തിന് അൺലിമിറ്റഡ് പവർ ഒന്നും കൊടുത്തിട്ടില്ല, പി ജയരാജനെതിരെ നിയമനടപടി എടുക്കണം. ഇത്രയും സിപിഎം പ്രവർത്തകർക്ക് ജയിലിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കാൻ ഇടയായ സാഹചര്യം ഗൗരവമുള്ളതാണ്. നിയമനടപടി എടുക്കേണ്ടതാണെന്നും സെൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മനുഷ്യ മനസാക്ഷിയെയും നീതി ന്യായ വ്യവസ്ഥയും ഒക്കെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ കണ്ടത്. പെരിയ ഇരട്ടക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ കണ്ണൂർ ജയിലിൽ എത്തിച്ചപ്പോൾ ജയിൽ കോമ്പൌണ്ടിൽ മുദ്രാവാക്യം വിളിച്ചാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്. ജയിൽ ഉപദേശക സമിതി അംഗം കൂടിയായ സിപിഎം നേതാവ് പി ജയരാജനാണ് ഇതിന് നേതൃത്വം നൽകിയത്. നേതാക്കൾ ജയിലിലെത്തി കുറ്റവാളികളെയും കണ്ടു. കോടതിവിധി അന്തിമമല്ലെന്നും കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ടെന്നുമായിരുന്നു പി. ജയരാജന്റെ പ്രതികരണം. ജയിലിൽ സന്ദർശിച്ചപ്പോൾ കുറ്റവാളികൾക്ക് തന്റെ പുസ്തകം സമ്മാനമായി നൽകിയെന്നും പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam