
എറണാകുളം: എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാന്‍ ഹൈക്കോടതി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം വെടിക്കെട്ടിന് അനുമതി നല്‍കിയാല്‍ മതിയെന്നാണ് ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ശക്തി കൂടിതയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എന്‍.നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
നേരത്തെ എറണാകുളത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ കളക്ടർ തള്ളിയിരുന്നു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടർ അനുമതി നിഷേധിച്ചത്. അഞ്ച്, ഏഴ് തീയതികളില്‍ വെടിക്കെട്ട് നടത്താൻ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം.
എന്നാല്‍ പൊലീസ്, ഫയർഫോഴ്സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാൻ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു. കളക്ടറുടെ തീരുമാനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തീരുമാനമെടുക്കാൻ കളക്ടറെ തന്നെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു. അനുമതി നിഷേധിക്കാന്‍ കളക്ടര്‍ പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam