
തിരുവനന്തപുരം: പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തലിനോട് പ്രതികരിച്ച് ജോലിക്കാരി ബിന്ദു. റിപ്പോർട്ട് വന്നപ്പോൾ പ്രയാസം തോന്നിയെന്ന് ബിന്ദു പറഞ്ഞു. ഇപ്പോൾ സന്തോഷവും തോന്നുന്നുണ്ട്. പൊലീസാണ് ഇത് ചെയ്യിപ്പിച്ചത്. ഓമന ഡാനിയേൽ മാലകിട്ടിയെന്ന് അറിയിച്ചിട്ടും പൊലീസുകാരായ പ്രസന്നനും പ്രസാദും വീണ്ടും ആ കുറ്റം തൻ്റെ തലയിൽ വെക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു. വളരെ വൈകാരികമായാണ് നമസ്തേ കേരളത്തിൽ ബിന്ദുവിൻ്റെ പ്രതികരണം.
മാലയെടുത്തില്ലെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മാല കൊടുത്തേ തീരുവെന്നാണ് പൊലീസ് പറഞ്ഞത്. പ്രസന്നനാണ് തന്നെ കൂടുതൽ ദ്രോഹിച്ചത്. മാല കിട്ടിയെന്ന് ഓമന ഡാനിയേൽ വന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ആ കേസിൽ പ്രതിയാവുമായിരുന്നു. ഓമന പറയുന്നത് കേട്ട് പൊലീസ് ആ കുറ്റം തൻ്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഓമനയും മകളും പൊലീസിൻ്റെയൊപ്പമാണ് നിന്നതെന്നും ബിന്ദു പറഞ്ഞു.
പേരൂർക്കട വ്യാജ മോഷണക്കേസിൽ പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതായ മാല വീടിൻ്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പോലീസിന്റെ കഥ നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നിം റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൌസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും, രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.