കാസർകോട് ഇരട്ടക്കൊലപാതകം: കാരണം വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

By Web TeamFirst Published Mar 23, 2019, 9:12 AM IST
Highlights

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പെരിയ: കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘർഷത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപ്പേർട്ട്. നേരത്തെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ഒന്നാം പ്രതി പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു . ഇതേത്തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് .

തിരിച്ചടിക്കാനായി ആസൂത്രണം ചെയ്ത് കാത്തിരുന്നെന്നും റിപ്പോർട്ടിൽ പരാമര്‍ശം. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കൽ പൊലീസാണ്. ഇതിന് ശേഷമാണ് അന്വേഷണ ഏജൻസിയും സംഘവും മാറിയത്.

കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ പെരിയക്ക് പുറത്തുള്ള രണ്ട് സിപിഎം നേതാക്കൾ സഹായിച്ചെന്ന് മുഖ്യപ്രതി പീതാംബരൻ പൊലീസിന് മൊഴി നൽകിയിരുന്നു. തെളിവ് നശിപ്പിക്കാനും നിയമസഹായത്തിനും ഇവർ ഒപ്പമുണ്ടായിരുന്നെന്ന് പീതാംബരൻ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്‍റെ അന്വേഷണം അവരിലേക്ക് നീണ്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരെയും  പിടികൂടിയെന്നായിരുന്നു ലോക്കൽ പൊലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്.

മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീർക്കാൻ സുഹൃത്തുക്കളുമായി സംഘം ചേർന്ന് നടത്തിയ കൊലപാതകം എന്നായിരുന്നു ലോക്കല്‍ പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വിശദമാക്കിയത്. കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.  

click me!