'ആസാദ് കശ്മീർ പരാമർശം': ജലീലിനെതിരെ തിരുവല്ല കോടതിയിൽ ഹർജി, ചൊവ്വാഴ്ച പരിഗണിക്കും

By Web TeamFirst Published Aug 20, 2022, 2:18 PM IST
Highlights

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അരുൺ മോഹൻ പൊലീസിനെ സമീപിച്ചിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

പത്തനംതിട്ട:  'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ തിരുവല്ല കോടതിയിൽ ഹർജി. ആ‌‌ർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ ആണ് കോടതിയെ സമീപിച്ചത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജി ചൊവ്വാഴ്ച (ഓഗസ്റ്റ് 23) പരിഗണിക്കും. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അരുൺ മോഹൻ പൊലീസിനെ സമീപിച്ചിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു  പരാമർശം. 

ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ.ടി.ജലീലിന്‍റെ വിശദീകരണം. എന്നാല്‍ സിപിഎം നിര്‍ദ്ദേശത്തെ തുടർന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം.വി.ഗോവിന്ദനടക്കമുള്ള രണ്ട്  മന്ത്രിമാർ കെ.ടി.ജലീലിന്‍റെ പരാമ‍ർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.

'ജലീലിനെ അറസ്റ്റ് ചെയ്യണം, 'ആസാദ് കശ്മീര്‍ ' പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്', വീണ്ടും പരാതി

ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്.മണി ദില്ലിയിൽ പരാതി നൽകിയിരുന്നു. ദില്ലി തിലക‍്‍മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ ഈ പരാതിയിൽ കേസ് എടുത്തില്ലെന്ന് ആവശ്യപ്പെട്ട് ദില്ലി ഡിസിപിക്കും അഡ്വ. ജി.എസ്.മണി, പരാതി നൽകിയിട്ടുണ്ട്.

 

click me!