ഊരാളുങ്കലിന് പൊലീസ് ഡാറ്റാബേസ് തുറന്ന് കൊടുക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Dec 19, 2019, 11:19 AM IST
Highlights

കരാർ ഊരാളുങ്കലിന് തന്നെ നൽകിയതിൽ അധികാര ദുർവിനയോഗമുണ്ടെന്നും, കേരള പൊലീസിന്‍റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം നൽകുന്നത് അനുവദിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

കൊച്ചി: പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. ചട്ടങ്ങൾ പാലിക്കാതെയാണ് സൊസൈറ്റിക്ക് സോഫ്റ്റ്‍വെയർ അപ്ഡേഷനുള്ള ചുമതല നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ്  ഹൈക്കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. 

സംസ്ഥാന പൊലീസന്‍റെ ഡാറ്റാബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബ‍ർ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ നി‍ർമാണത്തിനായാണ് സംസ്ഥാന പൊലീസിന്‍റെ ഡാറ്റാ  ബേസ്  സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ  സൊസൈറ്റിക്ക് തുറന്നു  കൊടുത്തത്.

കരാർ ഊരാളുങ്കലിന് തന്നെ നൽകിയതിൽ അധികാര ദുർവിനയോഗമുണ്ടെന്നും, കേരള പൊലീസിന്‍റെ ഡാറ്റാ ബേസിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള പ്രസ്ഥാനത്തിന് പ്രവേശനം നൽകുന്നത് അനുവദിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്‍റെ സകല നീക്കങ്ങളും ഇത് വഴി ഊരാളുങ്കലിന് ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് ഹർജിയിൽ ആശങ്കപ്പെടുന്നു. 

അതീവ പ്രധാനമ്യമുളള ക്രൈം ആന്‍റ്  ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നൽകിയതെന്നാണ് ഉയരുന്ന ആരോപണം. മാത്രവുമല്ല സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡാറ്റാ  ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. അതായത് സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടും.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാശങ്ങളും  ഇവരുടെ  സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാംപിള്‍ ഡാറ്റാ  ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോഫ്ട് വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. 

ഒക്ടോബർ 25-നാണ് ഡാറ്റാ  ബേസിലേക്കുള്ള അനുമതി തേടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി ഡിജിപിക്ക് അപേക്ഷയില്‍ നല്‍കിയത്. ഈ അപേക്ഷയിൽ നാലു ദിവസത്തിനുളളിൽത്തന്നെ സൈസൈറ്റിക്ക് ഡാറ്റാ  ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകി. അനുമതി നല്‍കിയ ശേഷം നവംബർ 2-ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. അതേസമയം ഊരാളുങ്കലിന് ‍ഡാറ്റാ   ബേസിലെ മുഴുവൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ‍ഡിജിപി ഓഫീസിന്‍റെ വിശദീകരണം.

click me!