
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി. കേസ് ഡയറിയും ഹാജരാക്കണം. കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീലാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്.
നരഹത്യാ കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്ന് ജയ ബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വാദിച്ചു. പൊതുവികാരത്തെ കുറിച്ച് പരാമർശിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോട് കേസ് കേൾക്കുന്നത് പൊതുസമൂഹമോ സാമൂഹിക മാധ്യമങ്ങളോ അല്ലായെന്നും നീതിപീoത്തിനു മുന്നിലാണ് കേസ് ഉള്ളതെന്നും കോടതി പറഞ്ഞു. 17കാരനും അച്ഛനായ ജഡ്ജിയും സുഹൃത്തുക്കളും അപകടം നടന്ന സ്ഥലത്ത് ചെലവഴിച്ചു. തെളിവ് നശിപ്പിക്കുകയായിരുന്നു അഡീഷണൽ ജഡ്ജിയടക്കമുള്ളവരെന്ന് ജയ ബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വാദിച്ചു. പൊലീസ് ആദ്യം വിളിച്ചറിയിച്ചത് ജഡ്ജിയെ ആണെന്നും കുടുംബം പറഞ്ഞു. എന്നാൽ, മൈനറായ ഒരു കുട്ടി അപകടമുണ്ടാക്കിയാൽ ആദ്യം വിവരം അറിയിക്കേണ്ടത് രക്ഷാകർത്താക്കളെ ആണെന്ന് കോടതി പറഞ്ഞു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ഉടൻ തന്നെ 17കാരൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് വീഡിയോ ഇല്ലാതാക്കി എന്ന ആരോപണം ശരിയാണെങ്കിൽ അത് തെളിവുകൾ നശിപ്പിക്കുന്നതിന് തുല്യമാകുമെന്ന് കോടതി വ്യക്തമാക്കി. ദൃശ്യം നീക്കിയത് വിവരങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച കാരണത്താലെന്ന് 17കാരന്റെ അഭിഭാഷകൻ വാദിച്ചു. കുടുംബത്തിന്റെ സ്വകാര്യത മുൻനിർത്തിയായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കിയതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നീക്കം ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷനോട് അതിനുവേണ്ടി മാത്രമാണോ ജാമ്യം റദ്ദാക്കാനാവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ആരാഞ്ഞു.
വാഹനം ഓടിക്കുമ്പോൾ പ്രതി സെൽഫി എടുത്തിരുന്നു. കൂടാതെ 108 കിലോമീറ്റർ വേഗതയിൽ ആയിരുന്നു കാർ ഓടിച്ചതെന്നും അതിന് ദൃശ്യം തെളിവായി ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മഴപെയ്യുന്ന സമയം അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രതി ഒരു കൈ കൊണ്ട് വാഹനം ഓടിക്കുകയും മറ്റൊരു കൈകൊണ്ട് സെൽഫി എടുക്കുകയും ചെയ്തു. കേസ് പ്രാഥമിക ഘട്ടത്തിൽ നിൽക്കെയാണ് ജെജെബി ജാമ്യം നൽകിയത്. കേസിൻ്റെ ഒരു രേഖയും മുൻപിൽ ഇല്ലാതെ ആണ് നടപടിയുണ്ടായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 17കാരൻ ഡ്രൈവിങ്ങിനിടെ സ്പീഡ്-ഒ-മീറ്ററിന്റെ റീലുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിച്ചില്ല. ഈ നടപടി പരിശോധിക്കണമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam