
ദില്ലി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവിന് ഇന്ന് സാധ്യതയുണ്ട്.
കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.
നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്.
Read Also: കോഴിക്കോട്ട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു
എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ഹൈക്കോടതിയിൽ ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എബിസി പദ്ധതി താളം തെറ്റിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടം കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘടനകളുടെ സഹായത്തോടെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്നലെ ആലപ്പുഴ വളഞ്ഞ വഴിയിൽ ഒരു കുട്ടിയടക്കം ആറു പേർക്ക് തെരുവുനായയുടെ കടിയേറ്റു. രാത്രി ഏഴ് മണിക്ക് ശേഷമണ് സംഭവം. കടിയേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. ഒരേ നായ തന്നെയാണ് പല സമയങ്ങളിൽ എല്ലാവരെയും കടിച്ചത്. ആളുകളെ കടിച്ച ശേഷം ഓടിപ്പോയ നായയെ കണ്ടെത്താനായില്ല.
Read Also: പാലക്കാട് വീണ്ടും തെരുവ്നായ ആക്രമണം; മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam