
തിരുവനന്തപുരം: പട്ടാമ്പി കൊപ്പത്ത് മൊബൈൽ ടവർ അനുവദിക്കാൻ ഇടപെട്ടതിൽ ഫേസ്ബുക്ക് കുറിപ്പുമായി ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാതെ കഷ്ടപ്പെട്ടിരുന്നതിനാൽ ഇടപെട്ട് റിലയൻസുമായി ബന്ധപ്പെട്ട് ടവർ സ്ഥാപിക്കാൻ മുൻകൈയെടുത്തെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. കേരളത്തിലെ മുഴുവൻ സർവീസ് പ്രൊവൈഡർമാരുമായും സംസാരിച്ചെന്നും പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തയ്യാറായില്ലെന്നും ഒടുവിൽ റിലയൻസുമായി ബന്ധമുള്ള മുംബൈയിലെ ശങ്കരേട്ടനെ ബന്ധപ്പെട്ടതിനെ തുടർന്ന് 80 ലക്ഷം രൂപ ചെലവിൽ ടവർ സ്ഥാപിച്ചെന്നും അദ്ദേഹം കുറിച്ചു. വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ടെന്നും സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പാർട്ടിയിൽ ഉയർന്ന ആരോപണത്തെ തുടർന്ന് സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് എന്ന സ്ഥാനത്തുനിന്ന് ഇന്ന് നീക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാതെ പഠിക്കാൻ പോലും കുട്ടികൾ കഷ്ടപ്പെട്ടിരുന്നു. ബിഎസ്എൻഎൽ അട്ടപ്പാടിയിലെ ഊരുകൾക്ക് പരിഗണന നല്കുന്നതിനാലും സാങ്കേതിക പ്രശ്നങ്ങളാലും ടവർ ഉടൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നു. ഒടുവിൽ അവിടത്തെ പഞ്ചായത്ത് മെമ്പർ ബന്ധപ്പെട്ടു . കേരളത്തിലെ മുഴുവൻ സർവീസ് പ്രൊവൈഡർമാരുമായും സംസാരിച്ചു . ആ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തയ്യാറായില്ല . കുട്ടികളുടെ വിദ്യാഭ്യാസം മുതൽ ആശുപത്രി ആവശ്യങ്ങൾ വരെ നടത്താൻ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ്.
ഒടുവിൽ മുംബൈയിൽ ശങ്കരേട്ടനെ ബന്ധപ്പെട്ടു. മുകേഷ് അംബാനിയുടെ ടീമിലെ അദ്ദേഹവുമായി വളരെ അടുത്ത മലയാളി . അംബാനിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം വന്നു. 80 ലക്ഷം രൂപ ചിലവിൽ ജിയോ ഇന്നലെ അവിടെ പുതിയ ടവർ തുടങ്ങി . മൊബൈൽ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു. വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട് . സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം . 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam