
ദില്ലി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്. എസ് ഐ ആറിനെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചായത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചതോടെയാണ് അടിയന്തരമായി വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ് ഐ ആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതി സമീപിച്ചത്. എന്നാൽ, എസ്ഐആർ തന്നെ ഭരണഘടന വിരുദ്ധമാണെന്ന വാദമാണ് മുസ്ലിംലീഗ്, കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഇന്ന് കോടതിയിൽ പരാമർശിച്ചു. അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്ന് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ ധരിപ്പിച്ചു. നാളെ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചത്.
സ്റ്റേ ആവശ്യം പ്രധാനമായി ഉന്നയിക്കാനാണ് സിപിഎം മടക്കം രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് നിലവിൽ ബിഹാറിലെ ഹർജികളുള്ളത്. ഈ ബെഞ്ചിലേക്ക് തന്നെ കേരളത്തിലെ ഹർജികൾ വിടുമോയെന്ന് നാളെ അറിയാം. തമിഴ്നാട്ടിലെ എസ്ഐആറിനെതിരായ ഹർജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നെങ്കിലും ഇവ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
എസ്ഐആറിന്‍റെ അടിയന്തര സാഹചര്യം മനസിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. അടിയന്തരമായി എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും ലീഗിന്‍റെ ഹര്‍ജിയിൽ എസ്ഐആറിന്‍റെ ഭരണഘടന സാധ്യതയടക്കം ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യമാണെന്നും ബിഎൽഒയുടെ ആത്മഹത്യയടക്കം ഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാൻ പറഞ്ഞു.