
തിരുവനന്തപുരം: കല്ലമ്പലത്ത് പി എഫ് ഐ പ്രവർത്തകർ കസ്റ്റഡിയിൽ. പി എഫ് ഐ കൊടികൾ അഴിച്ച് മാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകരെയാണ് കല്ലമ്പലം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ യു എ പി എ പ്രകാരം കേസെടുക്കും. അതേസമയം പി എഫ് ഐ ഹർത്താലിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കർശന നടപടി ഹൈക്കോടതി സ്വീകരിച്ചു.
സർക്കാരും കെ എസ് ആർ ടി സിയും നൽകിയ കണക്ക് പ്രകാരം ഹർത്താലിൽ അഞ്ച് കോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി. ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവെക്കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് പി എഫ് ഐ ഭാരവാഹികൾ തുക കെട്ടിവയ്‍ക്കേണ്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ
നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. അഡ്വ പി ഡി ശാർങധരനെ ക്ലെയിംസ് കമ്മീഷണറായി ഹൈക്കോടതി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെ പ്രതികൾ കെട്ടിവെക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും.
ഹർത്താൽ ദിനത്തിലെ ആക്രമണ കേസുകളിൽ പ്രതികളുടെ ജാമ്യ വ്യവസ്ഥയിൽ നഷ്ടപരിഹാരത്തുക ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ സംസ്ഥാനത്ത് അറസ്റ്റിലായവർക്ക് തുക കെട്ടിവെക്കാതെ ജാമ്യത്തിൽ ഇറങ്ങാൻ കഴിയില്ല. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുണ്ടായ എല്ലാ ആക്രമണ കേസുകളിലും പി എഫ് ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam