മന്ത്രി ഞെട്ടിയിട്ട് കാര്യമൊന്നുമില്ല! കാലങ്ങളായി ഇങ്ങനെ തന്നെ, വേണ്ടത് പ്രവ‍ൃത്തിയാണ് നാടകമല്ലെന്ന് ഡോക്ടർമാർ

By Web TeamFirst Published Nov 1, 2021, 11:57 AM IST
Highlights

വ്യാഴാഴ്ച രാത്രി ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചതും വീഴ്ചകൾ ചൂണ്ടിക്കാട്ടിയതും വലിയ വാർത്തയായിരുന്നു. മുതിർന്ന ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൃത്യമായ ഡ്യൂട്ടി ചാർട്ട് ഇല്ലാത്തതും ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തില്ലാത്തതും മന്ത്രിയെ ഞെട്ടിച്ചു.

 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽ സന്ദ‌ർശനത്തിനും നടപടികൾക്കും പിന്നാലെ തിരിച്ചടിച്ച് ഡോക്ടർമാർ. മെഡ‍ിക്കൽ കോളേജിലെ സാഹചര്യം കാലങ്ങളായി ഇങ്ങനെ തന്നെയാണെന്നും, ഇതിന് പരിഹാരമാവശ്യപ്പെട്ട് പലപ്പോഴായി മന്ത്രിയെ തന്നെ സമീപിച്ചിട്ടുണ്ടെന്നും പി‍ജി ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നു. അതിനിടെ മന്ത്രി വലിച്ചു കീറിയ പോസ്റ്റർ തയ്യാറാക്കിയ ഡോക്ടറും വീണാ ജോർജ്ജിനെ വിമർശിച്ച് രംഗത്തെത്തി.

വ്യാഴാഴ്ച രാത്രി ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചതും വീഴ്ചകൾ ചൂണ്ടിക്കാട്ടിയതും വലിയ വാർത്തയായിരുന്നു. മുതിർന്ന ഡോക്ടർമാർ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കൃത്യമായ ഡ്യൂട്ടി ചാർട്ട് ഇല്ലാത്തതും ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തില്ലാത്തതും മന്ത്രിയെ ഞെട്ടിച്ചു. മെഡിക്കൽ കോളേജിലെ പരിമിതികൾ സഹിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റർ വാ‍‌ർ‍ഡിൻ്റെ ഭിത്തിയിൽ പതിച്ചിരുന്നു. ഇത് മന്ത്രി നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. 

മെ‍‍ഡിക്കൽ കോളേജിൽ ഒട്ടിച്ചിരുന്ന പോസ്റ്റർ

എന്നാൽ കാര്യങ്ങൾ കാലങ്ങളായി ഇങ്ങനെയാണെന്ന് പറയുന്നു വിവാദ പോസ്റ്റർ എഴുതി ഒട്ടിച്ച ഡോക്ടർ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് താനാണ് ആ പോസ്റ്റർ തയ്യാറാക്കി ഒട്ടിച്ചതെന്ന് ഡോക്ടർ മുഹമ്മദ് യാസിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമെന്നാണ് യാസിൻ പറയുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം. 

മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ കൊവിഡ് കാലഘടത്തിൽ എത്ര പരിതാപകരമാണെന്ന് മാസങ്ങൾക്ക് മുമ്പേ തന്നെ മന്ത്രിയുടെ ഓഫീസിനെ നേരിട്ട് അറിയിച്ചിരുന്നുവെന്നാണ് പിജി ഡോക്ടർമാരുടെ സംഘടന പറയുന്നത്. കൊവിഡ് രോഗികളുടെ ചികിത്സയുടെ പ്രധാന ഭാഗം
ഇപ്പോഴും മെഡിക്കൽ കോളേജിനെ ആശ്രയിച്ചാണ് നടക്കുന്നത്. കൊവിഡ് ബ്രിഗേഡിൽ നിയമച്ച ഭൂരിഭാഗം നഴ്സുമാരെയും അറ്റൻഡർമാരെയും, സെക്യൂരിറ്റി, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയുമെല്ലാ ഈയിടെ പിരിച്ചുവിട്ടിരുന്നു. ഇത് ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് പിജി ഡോക്ടർമാർ പറയുന്നത്. 

കൊവിഡ് ഇതര വിഭാഗങ്ങളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടേതുമുൾപ്പെടെ അവശ്യ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമാണ്. കൊവിഡ് ചികിത്സ മറ്റ് ആശുപത്രികളിൽ കൂടി ശക്തിപ്പെടുത്താതെ മെഡിക്കൽ കോളേജ് കൊവിഡ് കാലത്തിന് മുമ്പ് പ്രവർത്തിച്ചത് പോലെ പ്രവർത്തിക്കണമെന്ന് പറയുന്നത് അബദ്ധമാണെന്ന് ഡോക്ടർമാ പറയുന്നു. 

കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്നും ഇതിന് കൃത്യമായ നടപടിയാണുണ്ടാകേണ്ടതെന്നും ഇവർ പറയുന്നു. 

click me!