Doctors Strike : മെഡി. കോളേജ് ഒപികളിൽ പകുതി ഡോക്ടർമാർ മാത്രം, ശസ്ത്രക്രിയകൾ മാറ്റി

Published : Dec 13, 2021, 10:06 AM ISTUpdated : Dec 13, 2021, 10:22 AM IST
Doctors Strike : മെഡി. കോളേജ് ഒപികളിൽ പകുതി ഡോക്ടർമാർ മാത്രം, ശസ്ത്രക്രിയകൾ മാറ്റി

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷമാണ്. രോഗികളുടെ നീണ്ട നിരയാണ് പലയിടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ മുതിർന്ന ഡോക്ടർമാർ മാത്രമാണ് ഇന്ന് രോഗികളെ നോക്കുന്നത്. ഒപിയിൽ എത്തിയ ചിലർ ചികിത്സ കിട്ടാതെ തിരിച്ച് പോയി.   

തിരുവനന്തപുരം/ കോഴിക്കോട്: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയാണ്. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്. പിജി ഡോക്ടർമാരുടെ സമരത്തിനിടെ ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിജി ഡോക്ടർമാരുമായി ഇനി ചർച്ച നടത്തുന്ന പ്രശ്നമേ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ തന്നെയാണ് പിജി ഡോക്ടേഴ്സ് അസോസിയേഷന്‍റെ തീരുമാനവും. 

ഹൗസ് സർജൻമാർ എമർജൻസി, കൊവിഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, സമരത്തോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപ്പൻഡ് വർധന പുനഃസ്ഥാപിക്കാത്തതുമാണ് ഹൗസ് സർജൻമാർ ഉന്നയിക്കുന്ന വിഷയങ്ങൾ. രാവിലെ എട്ട് മണി മുതൽ 24 മണിക്കൂർ കൊവി‍ഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇവർ. 

അതേസമയം, സർക്കാർ നിയമിക്കുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാർക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കുകയാണ്. എന്നാൽ സർക്കാർ നിശ്ചയിച്ച ജൂനിയർ ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാർ പറയുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷമാണ്. രോഗികളുടെ നീണ്ട നിരയാണ് പലയിടത്തും. മെഡിക്കൽ കോളേജ് ഒപികളിൽ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണുള്ളത്. ഒപികളിൽ വൻ തിരക്ക് വന്നതോടെ ശസ്ത്രക്രിയകൾ പലതും മാറ്റിവച്ചു. രോഗികളെ പലരെയും ആശുപത്രി അധികൃതർ തിരിച്ചയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ മുതിർന്ന ഡോക്ടർമാർ മാത്രമാണ് ഇന്ന് രോഗികളെ നോക്കുന്നത്. ഒപിയിൽ എത്തിയ ചിലർ ചികിത്സ കിട്ടാതെ തിരിച്ച് പോയി. എന്നിട്ടും മെഡിക്കൽ കോളേജ് ഒപിയിൽ വൻ തിരക്കാണ്. നിശ്ചയിച്ച ശസ്ത്രക്രിയകൾ പലതും മാറ്റേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

മെഡിക്കൽ കോളേജുകളിൽ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്ന് കാട്ടിയാണ് ഡോക്ടർമാർ പ്രതിഷേധം കടുപ്പിക്കുന്നത്. സർക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പ്രതികരണം. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ആദ്യ സമരത്തിലെ ചര്‍ച്ചയെ തുടര്‍ന്ന് ജയിച്ച എല്ലാവരേയും എസ്.ആര്‍. ആയി നല്‍കി. പി.എച്ച്.സി., എഫ്.എച്ച്.സി, എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ നിയമിച്ച പിജി വിദ്യാര്‍ത്ഥികളെ പൂര്‍ണമായും പിന്‍വലിച്ചു. കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്‌റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട് - ഇതാണ് വീണാ ജോർജിന്‍റെ പ്രതികരണം. എന്നാൽ ഈ ഉറപ്പുകൾ തന്നെയാണ് കഴി‍‌ഞ്ഞ കുറച്ചുകാലമായി സർക്കാർ പറയുന്നതെന്നും വാക്കാലുളള ഉറപ്പുകളല്ലാതെ മറ്റൊന്നും നൽകുന്നില്ലെന്നും പിജി ഡോക്ടർമാർ അടക്കമുള്ളവർ പറയുന്നു. 

കെജിഎംസിടിഎയും പിജി ടീച്ചേഴ്സ് അസോസിയേഷനും തൽക്കാലത്തേക്ക് ബഹിഷ്കരണസമരത്തിനില്ല. പക്ഷെ പ്രതിഷേധനടപടികൾ തുടരും. ഇനി ചർച്ചയില്ലെന്ന നിലപാട് സർക്കാർ തുടരുന്നതിനിടെ കൂടുതൽ സംഘടനകളും സമരത്തിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന