Latest Videos

Doctors : പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യം പരിഗണിച്ചു, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ച് സർക്കാർ

By Web TeamFirst Published Dec 9, 2021, 11:37 PM IST
Highlights

പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം. 

തിരുവനന്തപുരം : പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ. മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേർക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം. 

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താനാണ് നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടർമാർ ഉയർത്തിയത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. സമരത്തിൽ പിജി ഡോക്ടമാർ ഉറച്ചതോടെ സർക്കാർ നിയമന ഉത്തരവിറക്കുകയായിരുന്നു. 

അതിനിടെ സമരം ചെയ്യുന്നവർ  ഹോസ്റ്റൽ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം മെഡിക്കൽ കേളേജ് പ്രിൻസിപ്പൽമാർ പിജി ഡോക്ടർമാർക്ക് നോട്ടീസ് നൽകി. ഇതോടെ തിരുവനന്തപുരത്തെ പിജി ഡോക്ടർമാർസമരപ്പന്തലിൽ സംഘടിച്ചു പ്രതിഷേധിച്ചു.

click me!