Doctors Strike : പിജി ഡോക്ട‍ർമാരുടെ സമരം തുടരുന്നു, നിലപാട് കടുപ്പിച്ച് സർക്കാർ, വിട്ടു കൊടുക്കാതെ സമരക്കാർ

Published : Dec 11, 2021, 04:16 PM IST
Doctors Strike : പിജി ഡോക്ട‍ർമാരുടെ സമരം തുടരുന്നു, നിലപാട് കടുപ്പിച്ച് സർക്കാർ, വിട്ടു കൊടുക്കാതെ സമരക്കാർ

Synopsis

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് മാസം മുൻപ് നൽകിയ ഉറപ്പുകൾക്കപ്പുറം ഒന്നും നടപ്പായിട്ടില്ലെന്ന് സമരക്കാർ പറയുന്നു. 

തിരുവനന്തപുരം: ചർച്ചയോ അനുനയ നീക്കങ്ങളോ ഇല്ലാതെ രണ്ടാംദിവസവും ശക്തമായി തുടർന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം (PG Doctors Strike). ചെയ്യാനുള്ളതെല്ലാം ചെയ്തെന്നു സർക്കാരും, സർക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടിൽ സമരക്കാരും എത്തി നിൽക്കുകയാണ്. സമരം തുടർന്നാൽ മിക്ക മെഡിക്കൽ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.

ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചർച്ചയില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് മാസം മുൻപ് നൽകിയ ഉറപ്പുകൾക്കപ്പുറം ഒന്നും നടപ്പായിട്ടില്ലെന്ന് സമരക്കാർ. ജോലിഭാരം കുറയ്ക്കാൻ സർക്കാർ നിയോഗിക്കുന്ന 373 ജെ.ആർ ഡോക്ടർമാരുടെ എണ്ണം 6 മെഡിക്കൽ കോളേജുകളിലേക്ക് പര്യാപ്തമല്ല, തീരുമാനമെടുത്തിട്ടു നാളേറെയായെങ്കിലും, നാല് ശതമാനം വേതനവർധനവ് ഇതുവരെ കിട്ടിത്തുടങ്ങിയിട്ടില്ല. ചർച്ചയ്ക്ക് പോലും സർക്കാർ തയാറാവുന്നില്ല. ഒപ്പം പരീക്ഷയെഴുതിക്കില്ലെന്നടക്കം ഭീഷണിയും നേരിടുന്നു. 

300 ജൂനിയർ ഡോക്ടർമാരുടെയെങ്കിലും കുറവുള്ള തെരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് താൽക്കാലികമായി സർക്കാർ നൽകുന്നത് 50 പേരെയാണ്. ഇതിനിടെ സമരം ചെയ്യുന്നവരുടെ ഹാജർ നിലയും ഡ്യൂട്ടികളിലെ വീഴ്ച്ചയും കൃത്യമായി ദിവസവും റിപ്പോർട്ട് നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇപ്പോൾ നിയമിക്കുന്ന ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ എണ്ണം പര്യാപ്തമല്ലെന്ന് വിമർശനം ഉയർന്നതോടെ ഈ കണക്ക് നിശ്ചയിച്ചത് സർക്കാരല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ മറുപടി. കോളേജ് പ്രിൻസിപ്പൽമാർ നൽകിയ കണക്കാണെടുത്തതെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസം ഇതേരീതിയിൽ സമരക്കാരെ ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കാൻ നൽകിയ നിർദേശം താനറിഞ്ഞുകൊണ്ടല്ലെന്ന മന്ത്രിയുടെ നിലപാടും സമരക്കാരെ ചൊടിപ്പിച്ചു. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ അന്വേഷണവും നടപടിയും വേണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിച്ചാലും, വൈദഗ്ദ്ധ്യം വേണ്ട ശസ്ത്രിക്രിയ അടക്കമുള്ളവയിൽ പി.ജി ഡോക്ടർമാരുടെ അസാന്നിധ്യം മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 

PREV
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം