ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംസ്ക്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

Published : May 06, 2021, 09:01 AM ISTUpdated : May 06, 2021, 09:02 AM IST
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംസ്ക്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

Synopsis

കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാവില്ല. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാവില്ല. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഇന്ന് അന്തിമോപചാരമർപ്പിക്കും. സംസ്കാര ചടങ്ങുകൾ വിശ്വാസികൾ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വത്തിന്‍റെ നിർദ്ദേശം.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്.  1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്.  ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

PREV
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം