മാനവികതയുടെ സുവിശേഷകന് വിട; മറഞ്ഞത് വാക്കില്‍ ചിരി നിറച്ച വലിയ ഇടയന്‍

By Web TeamFirst Published May 5, 2021, 8:12 AM IST
Highlights

സ്വാതന്ത്ര സമര കാലഘട്ടത്തിലൂടെയാണ് തിരുമേനി വളർന്നത്. സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലുമെല്ലാം ദേശീയ പതാക ഉയർത്തൽ മുടക്കിയിട്ടില്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലും വലിയ മെത്രാപ്പൊലീത്ത ആശുപത്രി അധികൃതരോട് നിർബന്ധം പിടിച്ച് ചക്രകസേരയിലിരുന്ന് ദേശീയ പതാക ഉയർത്തി. 

ലങ്കര മാർത്തോമ സഭയ്ക്ക് പുറത്തേക്ക് പടർന്ന് പന്തലിച്ചതായിരുന്ന ഡോ ഫിലിപ്പോസ് മാർ ക്രസോസ്റ്റത്തിന്റെ ജീവിതവും ദർശനങ്ങളും. ജീവിതത്തിലൂടെ നീളം നർമ്മം പകരുമ്പോഴും തികഞ്ഞ ജനാധിപത്യ ബോധമായിരുന്നു ക്രിസോസ്റ്റത്തെ നയിച്ചത്. സ്വാതന്ത്ര സമരങ്ങൾ കണ്ട് വളർന്ന വലിയ മെത്രാപ്പൊലീത്ത തികഞ്ഞ രാജ്യ സ്നേഹി കൂടിയായിരുന്നു.

ഒരു സഭയുടെ പരാമാധ്യക്ഷനായിരുന്നെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ അതിനൊക്കെ അപ്പുറത്തായിരുന്നു ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്ന മനുഷ്യന്റെ സ്ഥാനം. കക്ഷി രാഷ്ട്രീയ ജാതി മത വർഗ വർണ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്ന വലിയ ഇടയൻ. മലങ്കര മാർത്തോമ സഭയെ നവീകരണ സഭയാക്കിയ ക്രിസോസ്റ്റത്തെ കുറിച്ച് എതിർ അഭിപ്രായങ്ങൾ പറയുന്നവരുണ്ടോ എന്ന് അന്വേഷിച്ചാൽ, അന്വേഷിച്ച് അന്വേഷിച്ച് പോകുന്നതല്ലാതെ അങ്ങനെ ഒരു ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകും. അത്രയ്ക്കും ജനപ്രീയനായിരുന്നു ജനകീയനായിരുന്നു അതിലുപരി ജനഹൃദയങ്ങളിലായിരുന്നു ചിരിയുടെ തിരുമേനിയുടെ സ്ഥാനം.  

സഭ കൗൺസിൽ അംഗങ്ങൾ മുതൽ രാജ്യം ഭരിക്കുന്നവരുമായി വരെ ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു ക്രിസോസ്റ്റം. ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിച്ച ക്രിസോസ്റ്റം ഒരിക്കൽ പോലും തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താതിരുന്നിട്ടില്ല. ആറന്മുള മണ്ഡലത്തിലെ 55 ആം ബൂത്തിലെ 73 നമ്പർ വോട്ടറാണ് ക്രിസോസ്റ്റം. പ്രായാധിക്യം മൂലമുള്ള അവശതകൾ അലട്ടിയിട്ടും ചക്രകസേരയിലിരുന്ന് വോട്ട് ചെയ്യാൻ എത്തിയ കാഴ്ചകൾ കേരളം പലപ്പോഴും കണ്ടതാണ്. ഏറ്റവും ഒടുവിൽ ഈ നിയമ സഭ തെരഞ്ഞെടുപ്പിലും പോസ്റ്റർ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തി. കൃത്യമായ രാഷ്ട്രീയ നിലപാട് മനസിലുള്ളപ്പോഴും പരസ്യമായി രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.  

സ്വാതന്ത്ര സമര കാലഘട്ടത്തിലൂടെയാണ് തിരുമേനി വളർന്നത്. രാഷ്ട്ര സ്നേഹം എന്നും എക്കാലവും മനസിൽ ഊട്ടിയുറപ്പിച്ചിരുന്നു. സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലുമെല്ലാം ദേശീയ പതാക ഉയർത്തൽ മുടക്കിയിട്ടില്ല. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലായിട്ടും ഇക്കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലും വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി അധികൃതരോട് നിർബന്ധം പിടിച്ച് ചക്രകസേരയിലിരുന്ന് ദേശീയ പതാക ഉയർത്തി. മഹാത്മഗാന്ധിയെയും നെഹ്റുവിനെയും സ്വാതന്ത്രസമര സേനാനികളെയും ഓർത്തെടുത്ത് സ്വാതന്ത്രദിന സന്ദേശവും നൽകി. ദേശീയ ബോധം മനസിലൂട്ടിയുറപ്പിച്ച് തികഞ്ഞ ജനാധിപത്യ വാദിയായി ആണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം യാത്രയാവുന്നത്.

click me!