അൾത്താരയിൽ നിന്ന് ആൾത്തിരക്കിലേക്ക് ഇറങ്ങി നിന്ന മാനവികതയുടെ സുവിശേഷകൻ

By Web TeamFirst Published May 5, 2021, 6:19 AM IST
Highlights

നര്‍മ്മത്തിൽ പൊതിഞ്ഞ സംഭാഷണ ശൈലിയിൽ മാത്രം ഇടപെട്ട് കണ്ടിട്ടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത സ്വയം വിശേഷിപ്പിച്ചിരുന്നത് ഗര്‍ഭ ശ്രീമാൻ എന്നായിരുന്നു. 

തിരുവല്ല: ദൈവത്തിന്റെ തിരുവചനം  ഉദ്ഘോഷിക്കുന്ന പുരോഹിതൻ മാത്രമല്ല മാനവ സ്നേഹത്തിന്റെ മഹത്വവും മനുഷ്യരാശിയുടെ ഉന്നമനവും ജീവിത വ്രതമാക്കിയ സന്യാസിവര്യനുമായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത. അൾത്താരയിൽ നിന്നിറങ്ങി എപ്പോഴും ആൾത്തിരക്കിനിടയിൽ കഴിഞ്ഞ അദ്ദേഹം വിപുലമായ സുഹൃദ് വലയവുമുണ്ടാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങൾ മുതൽ കക്ഷി രാഷ്ട്രീയം വരെ എന്തിലും ഏതിലും നര്‍മ്മത്തിന്റെ മേന്പൊടി ചേര്‍ത്ത് ക്രിസോസ്റ്റമെടുത്ത നിലപാടുകൾ എന്നും സഭയ്ക്കും സമൂഹത്തിനും അതീതമായി നിന്നു.

നര്‍മ്മത്തിൽ പൊതിഞ്ഞ സംഭാഷണ ശൈലിയിൽ മാത്രം ഇടപെട്ട് കണ്ടിട്ടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത സ്വയം വിശേഷിപ്പിച്ചിരുന്നത് ഗര്‍ഭ ശ്രീമാൻ എന്നായിരുന്നു. നൂറ്റൊന്നാം പിറന്നാൾ ആഘോഷ വേദിയിൽ മാരാമണിൽ നിറ‍ഞ്ഞു കവിഞ്ഞ സദസ്സിനോട് വലിയ തിരുമേനി ഇങ്ങനെ പറഞ്ഞു--  "നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, മാരാമണ്ണില്‍ പഞ്ചാബിലെ സാധു സുന്ദര്‍സിംഗ് പ്രസംഗിക്കുന്ന കാലം. നിങ്ങള്‍ വടക്കേ ഇന്ത്യയിലെ ഊഷരഭൂമിയിലേക്ക് സുവിശേകരെ അയക്കുക എന്നദ്ദേഹം ആഹ്വാനം ചെയ്തു. അന്ന് അവിടെ ഉണ്ടായിരുന്ന വൈദികനായ എന്‍റെ അപ്പനും ഗര്‍ഭിണിയായ എന്‍റെ അമ്മയും പ്രതിജ്ഞ എടുത്തു. ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനെ സുവിശേഷ വേലക്കായി അയക്കും. അങ്ങിനെയാണ് ജനിക്കും മുമ്പേ ഞാന്‍ അച്ചനായത്"

പിന്നീടൊരിക്കൽ മറ്റൊരു വേദിയിൽ -  

" ഞാനൊരു കൊച്ചു കള്ളനാണ്. പള്ളിയിൽ കൊടുക്കാനുള്ള നേര്‍ച്ചയിൽ നിന്ന് പകുതിയെടുത്ത് കടലമിഠായി വാങ്ങി. അല്ലെങ്കിലും ദൈവത്തിനെന്തിനാണ് പൈസ".എന്ന് ക്രിസോസ്റ്റം. സ്വയം നര്‍മ്മമാകും, കണ്ണിറുക്കി കാണിച്ച് മുഖം നോക്കാതെ കളിയാക്കും, കേട്ടിരിക്കുന്നവര്‍ക്ക് പക്ഷെ മുഷിച്ചിലുണ്ടാവില്ല. കാരണം ആ കളിയിൽ കാര്യമുണ്ടാകും  .അതായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം . ക്രിസോസ്റ്റം എന്ന പേരിന്റെ അര്‍ത്ഥം തന്നെ സ്വര്‍ണ്ണ നാവുള്ളവൻ എന്നത്രെ.

സഭയുടെ ചട്ടക്കൂട്ടിൽ നിന്ന് ഉയര്‍ന്ന് ക്രിസോസ്റ്റത്തിന്റെ സാമൂഹിക ഇടപെടലുകൾക്ക് സ്വാതന്ത്യ സമരകാലത്തോളം പഴക്കമുണ്ട്. സഭയുടെ പരിധിയിൽ ഒതുങ്ങുന്നതായിരുന്നില്ല വ്യക്തി ബന്ധങ്ങളും. ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെ,  ഇഎംഎസും കെ കരുണാകരനും മുതൽ പിണറായി വിജയൻ വരെ .,എപിജെ അബ്ദ്ദുൾ കലാം മുതൽ അമൃതാനന്ദമയി വരെ , സാഹിത്യകാരൻമാര്‍ ,സാംസ്കാരിക നായകര്‍ അങ്ങനെ അങ്ങനെ ഇരവിപേരൂരിന്റെ ഇത്തിരി വട്ടത്തിൽ തുടങ്ങി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ മനുഷ്യബന്ധങ്ങളുണ്ടാരിന്നു ക്രിസോസ്റ്റം തിരുമേനിക്ക്. അതുതന്നെയായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയതും.

പ ണ്ടൊരു കാലത്ത് തമിഴ്നാട്ടിലെ ഷോലാര്‍പേട്ട റെയിൽവെ സ്റ്റേഷനിൽ ചുമടെടുത്ത കഥമുതൽ വീറുറ്റ കര്‍ഷകന്റെ വിജയഗാഥവരെ പല വേദികളിൽ പലപ്പോഴായി പറ‍ഞ്ഞുപോയിട്ടുണ്ട് ക്രിസോസ്റ്റം.  ഇരുപത്തൊമ്പതാം വയസില്‍ വൈദികനാകാന്‍ വിളി വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ജോലാര്‍പെട്ട റെയില്‍വേ സ്‌റെഷനില്‍ ഒരു രെജിസ്‌റെര്‍ഡ പോര്‍ട്ടര്‍ ആകുമായിരുന്നു എന്ന് പല വേദിയിൽ പ്രസംഗിച്ചിട്ടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം  കഥ പറയും കാലം എന്ന ആത്മകഥയിൽ ആ സന്ദര്‍ഭത്തെ ഇങ്ങനെ രേഖപ്പെടുത്തുന്നു.

"ബാംഗലൂരില്‍ തിയോളജി പഠിച്ച ശേഷം മടങ്ങുന്ന വഴിക്കാണ് പോര്‍ട്ടര്‍മാരുടെ കഷ്ട്ട പ്പാടുകളില്‍ മനസലിഞ്ഞു അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചത്. പക്ഷെ മെത്രാപ്പോലിത്ത സമ്മതിച്ചില്ല. "ഇവിടെ വൈദികര്‍ ഇല്ല. ഉടനെ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ ചുമതല ഏറ്റെടുക്കണം, വേറെ വഴിയില്ല."

ആറൻമുള പോലുള്ള  അവകാശ പോരാട്ടങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ നിലപാട്. 
രാഷ്ട്രീയം കത്തുന്ന കേരളത്തിൽ പക്ഷെ സഭയുടേയോ സമുദായത്തിന്റെോ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അര പ്രസ്താവന പോലും ക്രിസോറ്റത്തിന്റെതായി കേട്ടിട്ടുമുണ്ടാകില്ല. ഒടുക്കം രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചപ്പോൾ ക്രിസോസ്റ്റത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു

"മറ്റുള്ളവരേക്കാള്‍ നന്നായി എന്തെങ്കിലും ചെയ്തിട്ടായി രിക്കില്ല, അവര്‍ ചെയ്ത അബദ്ധങ്ങള്‍ വല്ലതും ചെയ്യാതിരുന്നതാവാം എന്‍റെ മേന്മ. ഈ അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ ചിലര്‍ക്ക് നേരത്തെ കൊടുത്തതാവാം."

ജീവിത സമസ്യകളെയും ദാര്‍ശനിക കാഴ്ചപ്പാടുകളേയും തനത് ശൈലിയിൽ സമീപിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു വച്ചു. "മരിക്കണമെന്നെനക്ക് ആഗ്രഹമില്ല. മരിക്കുന്നതിൽ വിഷമവുമില്ല" 

 

click me!