ഞെട്ടിപ്പോയി, വെള്ളം കുടിക്കുന്ന കാലത്തോളം മറക്കില്ല; വൈറലായ ആ ക്ലിക്കിനെക്കുറിച്ച് ഫോട്ടോ​ഗ്രാഫർ

By Sumam ThomasFirst Published May 18, 2020, 4:17 PM IST
Highlights

'ദൂരെ നിന്ന് നോക്കിയപ്പോൾ റോഡരികിൽ എന്തോ ഒന്ന് ഇരിക്കുന്നത് പോലെ തോന്നി. അടുത്ത് വന്നപ്പോൾ വ്യക്തമായി. ഒരു മനുഷ്യനാണ് റോഡിന്റെ അരികിൽ  കുത്തിയിരിക്കുന്നത്.' ഫോട്ടോ വന്ന  നിമിഷത്തെക്കുറിച്ച് ഒന്ന് നിർത്തി അജയ് തുടർന്നു

തിരുവനന്തപുരം: 'ആ നിമിഷം എങ്ങനെയാണ് കടന്നു പോയതെന്ന് എനിക്കറിയില്ല. ഞെട്ടിത്തെരിച്ചു പോയി.' ഒരൊറ്റ ക്ലിക്കിൽ വിശപ്പിന്റെ, ദാഹത്തിന്റെ മുഴുവൻ ദൈന്യതയും ഒപ്പിയെടുത്ത ഒരു ഫോട്ടോയെക്കുറിച്ച് അജയ് മധു എന്ന ഫോട്ടോ​ഗ്രാഫർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. വാക്കുകളേക്കാൾ ശക്തിയുണ്ട് ചില കാഴ്ചകൾക്ക് എന്ന് വിളിച്ചു പറഞ്ഞ ഫോട്ടോയെക്കുറിച്ച് അജയ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. ''ഓഫ്ബീറ്റായി എന്തെങ്കിലും ചെയ്യാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ ഫോട്ടോ​ഗ്രാഫേഴ്സിന്റെയും ശ്രമം. സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ തിരുവനന്തപുരം- കോവളം ബൈപ്പാസ് റോഡിലൂടെ വരികയായിരുന്നു ഞാൻ. ദൂരെ നിന്ന് നോക്കിയപ്പോൾ റോഡരികിൽ എന്തോ ഒന്ന് ഇരിക്കുന്നത് പോലെ തോന്നി. അടുത്ത് വന്നപ്പോൾ വ്യക്തമായി. ഒരു മനുഷ്യനാണ് റോഡിന്റെ അരികിൽ  കുത്തിയിരിക്കുന്നത്.'' ഫോട്ടോ വന്ന നിമിഷത്തെക്കുറിച്ച് ഒന്ന് നിർത്തി അജയ് തുടർന്നു. 

''ഫോട്ടോയിൽ കാണുന്നത് പോലെ ആയിരുന്നില്ല ആ ദൃശ്യം. ഞാൻ ആദ്യം കണ്ടപ്പോൾ അയാൾ റോഡരികിൽ കെട്ടിക്കിടന്ന വെളളത്തിലേക്ക് മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ നിവർന്ന് കൈക്കുമ്പിളിൽ വെള്ളം കോരിക്കുടിച്ചു. ആ നിമിഷമാണ് എന്റെ ക്യാമറയിൽ പതിഞ്ഞത്. ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനാകാതെ വിറച്ചു കൊണ്ടാണ് ക്യാമറ കയ്യിലെടുത്തത്. നാലോ അഞ്ചോ ഫോട്ടോസ്. അതിനപ്പുറം എനിക്കെടുക്കാൻ സാധിച്ചില്ല. അത്രയ്ക്കും ഷോക്കായിരുന്നു ആ കാഴ്ച.'' ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ അജയ് പറഞ്ഞു. 

''ഫോട്ടോയെടുക്കുന്നത് കണ്ടിട്ടാകണം തൊട്ടടുത്ത് കിടന്ന ഒരു കല്ലെടുത്ത് അയാളെന്നെ എറിഞ്ഞു. എന്നിട്ട് എഴുന്നേറ്റ് പോയി. അയാൾ ആരാണെന്നോ എവിടെ നിന്ന് വന്നതാണെന്നോ വ്യക്തമല്ല. അയാൾക്കൊരു കുപ്പി വെള്ളം വാങ്ങിക്കൊടുക്കാൻ ഞാൻ നോക്കിയിട്ട് കടകളൊന്നും കണ്ടില്ല. അടുത്തെങ്ങും ഒരു മനുഷ്യനെ പോലും ഉണ്ടായിരുന്നില്ല. വെളളം തിരക്കി തിരുവല്ലം ഭാ​ഗം വരെ ഞാൻ വന്നു. തിരികെ ചെന്ന് നോക്കിയപ്പോഴേയ്ക്കും അയാളെ ആ ഭാ​ഗത്തൊന്നും കണ്ടില്ല.'' അജയിന്റെ വാക്കുകൾ. 

സമൂഹമാധ്യമങ്ങൾ വളരെ വൈകാരികമായിട്ടാണ് ഈ ചിത്രത്തോട് പ്രതികരിക്കുന്നത്. രണ്ടാമതൊന്ന് കൂടി നോക്കാൻ കഴിയാത്തവണ്ണം നൊമ്പരപ്പെടുത്തുന്നുണ്ട് ഈ ചിത്രം എന്നാണ് മിക്കവരുടെയും പ്രതികരണം. 'പാഴ്ജലമല്ല അമൃത്' എന്ന കാപ്ഷനോട് കൂടിയാണ് ഈ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വന്നത്. വെള്ളം കുടിക്കുന്ന കാലത്തോളം ആ ദൃശ്യം മനസ്സില്‍ നിന്ന് പോകില്ലെന്ന് അജയ് പറയുന്നു. മം​ഗളം ദിനപത്രത്തിൽ ന്യൂസ് ഫോട്ടോ​ഗ്രാഫറാണ് അജയ് മധു. സംസ്ഥാന സർക്കാരിന്റെ 2017 ലെ മികച്ച ഫോട്ടോ​ഗ്രാഫർക്കുള്ള ജി വി രാജ പുരസ്കാരം, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

click me!