
തിരുവനന്തപുരം: കഴക്കൂട്ടത്ത് മെഡിക്കൽ സ്റ്റോർ ഉടമയെ മർദ്ദിച്ച എസ്.ഐയെ സ്ഥലം മാറ്റി. കഴക്കൂട്ടം എസ്ഐ സന്തോഷ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. ഇന്നലെയാണ് ജനസേവ മെഡിക്കൽ ഷോപ്പ് ഉടമയെ എസ്ഐ കടയിൽ കയറി മർദ്ദിച്ചത്.
എസ്ഐ മെഡിക്കൽ ഷോപ്പ് ഉടമയെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തായതോടെ വിശദീകരണവുമായി എസ്ഐ രംഗത്ത് എത്തിയിരുന്നു. മുഖാവരണം ധരിക്കാതിരുന്ന മെഡിക്കൽ ഷോപ്പ് ഉടമയോട് മാസ്ക് ഇടാൻ പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു എസ്ഐയുടെ നിലപാട്.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ സഹിതം കടയുടമ പരാതി നൽകിയതോടെ എസ്ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൺട്രോൾ റൂമിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. കട അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്ഐ തന്നെ കടയിൽ കേറി അകാരണമായി മർദ്ദിച്ചെന്ന് മെഡിക്കൽ ഷോപ്പ് ഉടമയുടെ പരാതിയിൽ പറയുന്നു.