Kodiyeri Balakrishnan : സിപിഎമ്മിലെ രണ്ടാമനായി, പിണറായി വിജയന്‍റെ തേരാളിയായി വീണ്ടും കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Dec 3, 2021, 1:47 PM IST
Highlights

സംസ്ഥാന സമ്മേളനം വരെ  കാക്കാതെ ഈ അസാധാരണ മടങ്ങിവരവിലും പാർട്ടി വ്യക്മാക്കുന്നത് ഒന്ന് മാത്രം കേരളത്തിലെ സിപിഎമ്മിൽ രണ്ടാമനാര് എന്നതിൽ രണ്ട് പക്ഷം വേണ്ട. വിജയന്‍റെ തേരാളിയായി വീണ്ടും  ബാലകൃഷ്ണൻ.
 

തിരുവനന്തപുരം:  രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കയ്പേറിയ കാലഘട്ടം അതിജീവിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുന്നത്. സിപിഎമ്മിൽ രണ്ടാമനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം അരക്കിട്ട് ഉറപ്പിച്ചാണ് കോടിയേരിയുടെ മടക്കം. സമ്മേളനകാലത്ത് തന്നെ തിരിച്ചുവരവും സിപിഎമ്മിൽ അസാധാരണമാണ്

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

ഉയർച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാൽ 2020 നവംബർ വരെയും കോടിയേരി ബാലകൃഷ്ണൻ കമ്മ്യൂണിസ്റ്റുകാരിൽ വ്യത്യസ്തനായിരുന്നു. പാർലമെൻററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്ഐ നേതാവായത് മുതൽ മുതൽ 2018-ൽ രണ്ടാമതും പാർട്ടി സെക്രട്ടറിയാകും വരെയും അതിൽ മാറ്റമുണ്ടായില്ല . 2019ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തകർന്നില്ല.

മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി പക്ഷേ മകൻ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസിൽ തളർന്നു . രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാൻ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കോടിയേരി ഇതേപ്പറ്റി മനസ് തുറന്നു.... 

''ആരോഗ്യപ്രശ്നം തന്നെയാണ് പ്രധാനമായും സ്ഥാനമൊഴിയാൻ കാരണം. എന്നാലും മയക്കുമരുന്ന് കേസ് എന്നൊരു ആരോപണം വന്നപ്പോൾ മകൻ അതിൽ ഉൾപ്പെടുന്നത് ഒരു പ്രശ്നമല്ലേ എന്നെനിക്ക് തോന്നി. ഇങ്ങനെയൊക്കെ വരുമ്പോൾ ആളുകൾക്കിടയിൽ ഇതു ചർച്ചയാവില്ലേ എന്നത് കൂടി മനസ്സിൽ കണ്ടാണ് എനിക്ക് ലീവ് വേണമെന്ന് ഞാൻ പാർട്ടിയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. ബിനീഷ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് ഞാൻ എടുത്തത്. എന്നാൽ ആ കേസിൽ അന്വേഷണം പൂർത്തിയായപ്പോൾ മയക്കുമരുന്ന് കേസ് കള്ളപ്പണം വെളുപ്പിക്കൽ കേസായി മാറി'' 

സിപിഎമ്മിൽ സൗമ്യനും,സംഘാടകനും,മാന്യനും,മിടുക്കനുമാണ് എന്നും കോടിയേരി. തലശ്ശേരി ഗവൺമെൻറ് ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണൻറെ  നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടാം വയസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാൽപത്തിയൊൻപതാം വയസിൽ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരൻ പിണറായിക്കാരൻ വിജയൻറെ പിന്ഗാമിയായി.  2020 നവംബറിൽ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാർട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുൻനിർത്തിയാണ്. സംസ്ഥാന സമ്മേളനം വരെ  കാക്കാതെ ഈ അസാധാരണ മടങ്ങിവരവിലും പാർട്ടി വ്യക്മാക്കുന്നത് ഒന്ന് മാത്രം കേരളത്തിലെ സിപിഎമ്മിൽ രണ്ടാമനാര് എന്നതിൽ രണ്ട് പക്ഷം വേണ്ട. വിജയൻറെ തേരാളിയായി വീണ്ടും  ബാലകൃഷ്ണൻ.

click me!