ഓർത്തഡോക്സ് സഭയോട് കാണിച്ചത് അനീതി, ശബരിമലയിൽ കണ്ട തിരക്ക് പിറവത്ത് ഇല്ലാത്തതെന്ത്? വി മുരളീധരൻ

By Web TeamFirst Published Oct 4, 2019, 8:15 PM IST
Highlights

ക്ഷേത്ര ധ്വംസനത്തിനെതിരെ മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടിന് സമാനമായ നിലപാടാണ് ശബരിമലയിൽ കെ. സുരേന്ദ്രൻ സ്വീകരിച്ചത്. എന്റ വീട്ടിലുള്ളവർ ആചാര ലംഘനം നടത്തില്ല എന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ് പോലും ഈ സർക്കാരിന് കീഴിൽ നിസ്സഹായനായി നില്‍ക്കുകയാണ്.

പത്തനംതിട്ട: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പിറവം പള്ളിക്കേസില്‍ കാണിക്കാത്ത തിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ കാണിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിറവം പള്ളിക്കേസില്‍ തികഞ്ഞ അനീതിയാണ് ഓര്‍ത്തഡോക്സ് സഭയോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. 

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കാലത്ത് ഓർത്തഡോക്സ് സഭയോട് വലിയ സ്നേഹമായിരുന്നു സർക്കാരിന് എന്നാല്‍ ഉപതെരഞ്ഞെടുപ്പ്  കഴിഞ്ഞതോടെ അത് കഴിഞ്ഞു. ഓർത്തഡോക്സ് സഭയോട് സര്‍ക്കാര്‍ കാണിച്ചത് തികഞ്ഞ അനീതിയാണ്. തെരഞ്ഞെടുപ്പ് കണ്ടല്ല സർക്കാർ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. 

ക്ഷേത്ര ധ്വംസനത്തിനെതിരെ മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടിന് സമാനമായ നിലപാടാണ് ശബരിമലയിൽ കെ. സുരേന്ദ്രൻ സ്വീകരിച്ചത്. 
മന്നത്ത്  പത്മനാഭനും ആർ ശങ്കറും ആയിരുന്നു ദേവസ്വം ബോർഡിന് ദിശാബോധം നൽകിയത്. എന്നാൽ എന്റ വീട്ടിലുള്ളവർ ആചാര ലംഘനം നടത്തില്ല എന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറ് പോലും ഈ സർക്കാരിന് കീഴിൽ നിസ്സഹായനായി നില്‍ക്കുകയാണ്. 

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ കൂട്ടുനിൽക്കണോ എന്ന് എല്ലാവരും ആലോചിക്കണം. ആചാര സംരക്ഷണത്തിന് മന്നത്ത് പത്മനാഭന്റെ നിലപാടുകൾ വേണം പിൻതുടരാന്‍. മന്നത്ത് പത്മനാഭന്റെ പിൻതലമുറകളെ അവഗണിച്ചു കൊണ്ടുള്ള നവോത്ഥാനം എന്ത് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനായില്ല എന്ന് പരിശോധിച്ചാൽ മനസിലാകും.

എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകലാണ് നവോത്ഥാനം. മന്നത്ത് പത്മനാഭനാണ് യഥാർത്ഥ നവോത്ഥാന സൂര്യൻ. നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ നാടകം കളിച്ചാൽ അത് ജനങ്ങൾ തിരിച്ചറിയാനാവും. വിശ്വാസത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ശബരിമല ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള വിഷയമല്ലെന്നും സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കിൽ ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കിയ മുരളീധരന്‍ ശബരിമലയിൽ കോൺഗ്രസ്സിന്റെ നയം വാളയാർ എത്തിയാല്‍ തീരുന്നതാണെന്നും പരിഹസിച്ചു. 

കഴിഞ്ഞ പ്രളയത്തിന് കേന്ദ്രം നൽകിയ സഹായം പോലും ഇതുവരെ  സംസ്ഥാനം ചിലവഴിച്ചിട്ടില്ല. ഇതുവരെയുള്ള പ്രതിസന്ധി പോലും പരിഹരിക്കാൻ കഴിയാത്ത സർക്കാരാണ് റീ ബിൽഡ് കേരളം നടപ്പാക്കുമെന്ന് പറയുന്നത്. പിണറായി സർക്കാരിന്റെ നയമല്ല എക്സൈസ് നടപ്പാക്കേണ്ടത്. പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത് 16 പേരെ പോലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തി. പോലീസ് 16 പേരെ കൊന്നാൽ ഞങ്ങൾക്ക് ഒരാളെ കൊന്നുകൂടെയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കരുതിയെന്നും പാവറട്ടി കസ്റ്റഡി മരണക്കേസ് പരാമര്‍ശിച്ചു കൊണ്ട് വി.മുരളീധരന്‍ പറഞ്ഞു. 

click me!