
തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ് വന്നത്.
മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് നേരത്തെ 7.47 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിനും അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബർ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. സി ആപ്റ്റിനാണ് സര്‍ക്കാർ പണം നൽകി ഉത്തരവിറക്കിയത്.
നവകേരള സദസ്സിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. പ്രതിസന്ധികാലത്ത് സർക്കാർ ധൂർത്തെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam