സെൻസസ് ചോദ്യവിവാദം: വെട്ടിലായി സർക്കാർ; ഇല്ലാത്ത ചോദ്യം ഒഴിവാക്കി കുടുങ്ങി, തിരുത്ത്

Published : Jan 23, 2020, 06:48 AM ISTUpdated : Jan 23, 2020, 12:07 PM IST
സെൻസസ് ചോദ്യവിവാദം: വെട്ടിലായി സർക്കാർ; ഇല്ലാത്ത ചോദ്യം ഒഴിവാക്കി കുടുങ്ങി, തിരുത്ത്

Synopsis

വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെൻസസിന്‍റെ 34 ചോദ്യങ്ങളുടെ പട്ടികയിൽ ഈ ചോദ്യങ്ങൾ ഇല്ല.

തിരുവനന്തപുരം: സെൻസസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ സംസ്ഥാന സർക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ച. വിവാദമായ രണ്ട് ചോദ്യങ്ങൾ സെൻസസിൽ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും സർക്കാറിന് നാണക്കേടായി.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സെൻസസിലെ രണ്ട് ചോദ്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെൻസസിന്‍റെ 34 ചോദ്യങ്ങളുടെ പട്ടികയിൽ ഈ ചോദ്യങ്ങൾ ഇല്ല. അത് തിരിച്ചറിഞ്ഞതാകട്ടെ സർക്കാർ തീരുമാനം വന്നതിന്‍റെ അടുത്ത ദിവസം സെൻസസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ. വിവാദ ചോദ്യങ്ങൾ സെൻസസിൽ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു. 

ഔദ്യോഗികമായി അറിയിക്കണമോയെന്ന സംശയങ്ങള്‍ക്കൊടുവില്‍ ചീഫ് സെക്രട്ടറി വിശദീകരണമിറക്കി. സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സെൻസസ് ഡയറക്ടറേറ്റിൽ മാസങ്ങൾക്ക് മുമ്പ് കേന്ദ്രത്തിൽ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചർച്ച ചെയ്തതാണ് സർക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റിൽ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സർക്കാറിന് ഒന്നിലും വ്യക്തതയില്ല എന്ന് യുഡിഎഫും അനാവശ്യ വിവാദമുണ്ടാക്കിയെന്ന് ബിജെപിയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു