
കൊച്ചി: കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വിവിധ കേസുകള്‍ക്കായി സുപ്രീംകോടതിയില്‍ നിന്നെത്തിച്ച അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ ഇത് വരെ ചെലവഴിച്ചത് നാലേമുക്കാല്‍ കോടി രൂപ. സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കാന‍് അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി ഏഴ് കോടിയിലേറെ രൂപ ചെലവഴിച്ചപ്പോഴാണ് ഖജനാവിന്‍മേലുള്ള ഈ അധികഭാരം.
വിവരവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടത്. വന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള 13 കേസുകള്‍ക്കായാണ് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നാലര വര്‍ഷം കൊണ്ട് നാല് കോടി 93 ലക്ഷത്തി തൊണ്ണൂറായിരം രൂപ ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. നാല് ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് നല്‍കിയത് 75 ലക്ഷം രൂപ. നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് കിട്ടയത് പത്തൊമ്പതര ലക്ഷം രൂപ. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലക്കേസുകളില്‍ ഹാജരാകാന് ഹരിന്‍ പി റാവലിന് ചെലവിട്ടത് 64 ലക്ഷം രൂപയും ചെലവാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്.
ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷയും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയത് ഒരു കോടി 20 ലക്ഷം രൂപ നല്‍കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ 88 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെയാണ് വിവിധ സമയങ്ങളില്‍ ഈ കേസിനാണ് കൊച്ചിയിലെത്തിച്ചത്.
അതേസമയം, സര്‍ക്കാരിന്‍റെ കേസ് നടത്താന്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കം 133 സര്‍ക്കാര്‍ അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഒരു കോടി 49 ലക്ഷം രൂപ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട്. ഇതിന് പുറമെ, എജി ,അഡിഷണല്‍ എജി, ഡിജിപി , അഡി ഡിജിപി, സ്റ്റേറ്റ് അറ്റോണി എന്നിവര്‍ക്ക് ഇക്കാലയളവില്‍ സിറ്റിംഗ് ഫീസിനത്തില്‍ 5 കോടി 93 ലക്ഷം രൂപയും ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam