
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. മദ്യത്തിന്‍റെ നികുതിയിളവ് സംബന്ധിച്ച അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നോട്ടീസിൽ പറയാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ചട്ടവിരുദ്ധമാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ പറഞ്ഞു. പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി.
സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകി കയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അതാണ് ഗൗരവമുള്ള സംഗതിയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കർണാടകയിലെ മദ്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കം എന്നും പിണറായി വിജയൻ പറഞ്ഞു. സ്വകാര്യ മദ്യ കമ്പനിയായ ബക്കാഡിക്ക് വേണ്ടിയുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. പിന്നാലെയാണ് ഈ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam