കൊച്ചിയിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒറിജിനൽ സ്വർണ്ണം പണയം വെച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടങ്ങൾ പണയം വച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂൺ 13 മുതൽ ജൂലൈ 27 വരെയുള്ള കാലയളവിലായിരുന്നു വൻ തട്ടിപ്പ് നടന്നത്. സംഭവത്തിൽ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്‌ണു, വയനാട് മൂലംകാവ് സ്വദേശി രാഹുൽ, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), തട്ടിപ്പിന്റെ സൂത്രധാരൻ ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), മുക്കുപണ്ടം നിർമ്മിച്ച കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ കണ്ണൂർ സ്വദേശി വിഷ്ണു തുടക്കത്തിൽ രണ്ടുതവണ ഒറിജിനൽ സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ജീവനക്കാരുടെ വിശ്വാസ്യത നേടിയെടുത്തിരുന്നു. തുടർന്ന് കൂട്ടുപ്രതികളുമായി ചേർന്ന് പല തവണകളിലായി ഹാൾമാർക്ക് മുദ്രയുള്ള വ്യാജ സ്വർണ്ണാഭരണങ്ങൾ പണയം വച്ച് തുക കൈക്കലാക്കുകയായിരുന്നു. സ്ഥാപനത്തിൽ നടന്ന ഓഡിറ്റിംഗിലാണ് പണയം വച്ചവ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ജൂലൈ 29-ന് വീണ്ടും മുക്കുപണ്ടം പണയം വയ്ക്കാൻ വിഷ്ണുവും രാഹുലും എത്തിയതോടെ ജീവനക്കാർ പാലാരിവട്ടം പോലീസിൽ വിവരമറിയിച്ചു. മാനേജരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്നേദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും ശൃംഖലയുള്ള വൻ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ, വ്യാജ ആഭരണങ്ങൾ എത്തിച്ചു നൽകിയ ലിബിൻ സേവ്യറിനെ മൂവാറ്റുപുഴയിൽ നിന്നും, തട്ടിപ്പ് ആസൂത്രണം ചെയ്ത അർഷൽ ഇസ്മായിൽ, മുക്കുപണ്ടത്തിൽ സ്വർണ്ണം പൂശി നൽകിയ ഷിനോജ് എന്നിവരെ ഒളിസങ്കേതങ്ങളിൽ നിന്നും പോലീസ് പിടികൂടി. പ്രതികളിൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ച ആഭരണങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. കൂടാതെ, തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും വ്യാജ മേൽവിലാസത്തിലുള്ള സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ പണയ സ്ഥാപനങ്ങളെയും സാധാരണക്കാരെയും കബളിപ്പിച്ച് ഇവർ പണം തട്ടിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ വിഷ്ണു, ലിബിൻ, അർഷൽ എന്നിവർക്കെതിരെ നിലവിൽ നിരവധി കേസുകളുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും നിർദേശപ്രകാരം എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ജഗീഷ് ആർ, മിഥുൻ മോഹൻ, എ.എസ്.ഐ സിഘോഷ് പി.വി, സി.പി.ഒമാരായ അനീഷ് എൻ.എ, ജിപിൻലാൽ, അഖിൽ പത്മൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


