സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും,പട്ടയം മിഷന്‍ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Apr 05, 2023, 02:36 PM IST
സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കും,പട്ടയം മിഷന്‍ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്. ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും

തിരുവനന്തപുരം:സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാന്‍ ലക്ഷ്യമിടുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്. ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് പട്ടയം മിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 ദീര്‍ഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസമാണെങ്കില്‍, ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികള്‍ വരുത്തും. എന്നാല്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, എത്ര ഉന്നതരായാലും, സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,76,000ത്തിലധികം പട്ടയങ്ങളും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ 54,535 പട്ടയങ്ങളും വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള സ്ഥാപനങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. കേരളപ്പിറവി ദിനത്തില്‍ റവന്യൂ രേഖകള്‍ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത്, ഇ-ഓഫീസ് ശൃംഖലകള്‍ പൂര്‍ത്തിയാക്കും. റവന്യൂ സേവനങ്ങള്‍ സുതാര്യമായി ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓരോരുത്തരും കൈവശം വക്കുന്ന ഭൂമിക്ക് ഡിജിറ്റല്‍ അതിര്‍ത്തി ലഭ്യമാകാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓരോ കുടുംബത്തിലെയും ഒരംഗത്തിനെയെങ്കിലും റവന്യൂ സാക്ഷരരാക്കാനായി ആരംഭിച്ച റവന്യൂ സാക്ഷരതാ യജ്ഞം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും