പായിപ്പാട് ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കും; കടുപ്പിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Mar 29, 2020, 7:34 PM IST
Highlights

ചില്ലറ ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കാൻ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും.

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം  ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ ചെറുക്കാന്‍ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയത്ത് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നുംം മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. അവർക്ക് താമസവും ഭക്ഷണവും വൈദ്യസഹായവും എല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്‍റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും.

തൊഴിലാളികള്‍ക്കെന്നല്ല ആര്‍ക്കും സഞ്ചരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ല. രാജ്യത്ത് എവിടെയായിരുന്നോ അവിടെ തന്നെ നില്‍ക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ ഇപ്പോൾ നിര്‍വാഹമില്ല. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്നിട്ടും അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്.

സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപിച്ചവരെ കുറിച്ച് സൂചനയുണ്ട്. ചില്ലറ ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കാൻ നില്‍ക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ ഇടപെടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!