Latest Videos

ജയിച്ച ശേഷം ബിജെപിയിൽ പോവുന്നതാണ് കോണ്‍ഗ്രസുകാരുടെ നയം: പിണറായി

By Web TeamFirst Published Mar 17, 2021, 4:23 PM IST
Highlights

35 പേരെ ജയിപ്പിച്ചാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌  ബാക്കിയുള്ളത്‌ കോൺഗ്രസിൽ നിന്നെടുക്കാം എന്നതുകൊണ്ടാണ്. 

മാനന്തവാടി: കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിക്കുക പിന്നെ ബിജെപിയിൽ പോവുക എന്നതാണ് കോണ്‍ഗ്രസുകാരുടെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോണ്ടിച്ചേരിയും ത്രിപുരയുമെല്ലാം ഈ നയത്തിൻ്റെ ഉദാഹരമാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിൽ എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

35 പേരെ ജയിപ്പിച്ചാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌  ബാക്കിയുള്ളത്‌ കോൺഗ്രസിൽ നിന്നെടുക്കാം എന്നതുകൊണ്ടാണ്. കോൺഗ്രസ്‌ വെറും വിൽപ്പനച്ചരക്കായി മാറി. കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോൺഗ്രസ്‌ ആണെന്ന് ആരും പറയില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേമത്ത്‌ കോൺഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.


വർഗീയതയ്ക്ക് എതിരെ എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുന്ന അവസ്ഥയാണ്. നിലവിലെ പല ബി ജെ പി നേതാക്കളും തലമുതിർന്ന കോൺഗ്രസുകാരായിരുന്നു.അനുഭവത്തിൽ നിന്നും കോൺഗ്രസ് പാഠം ഉൾക്കൊള്ളുന്നില്ല. ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി പിന്നീട് എല്ലാവരും ബി ജെ പി യിൽ പോയി.കോൺഗ്രസുകാർക്ക് ഇതൊരു പ്രശ്നമല്ല. ബിജെപിയിലേക്ക് പോകാൻ അവർക്കൊരു മടിയുമില്ല. കർണാടകയും പോണ്ടിച്ചേരിയുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. കോൺഗ്രസായി ജയിച്ചാൽ ബി ജെ പി യിലേക്ക് പോകാം ഇതേ അവസ്ഥ കേരളത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 
 

ഏത്‌ നിമിഷവും കോൺഗ്രസിനെ കോരിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത്.  രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്നത്‌ അന്തർദ്ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുകയാണെന്നും ഏറ്റവും മികവുറ്റ ഭരണം കേരളത്തിലാണെന്ന് ദേശീയതലത്തിൽ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും ഈ യശസ്സ്‌ നമ്മൾ ആർജ്ജിച്ചെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!