സംസ്ഥാനത്ത് 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി; ശശിതരൂര്‍ എംപിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Apr 3, 2020, 7:08 PM IST
Highlights

എംപി ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ച ശശി തരൂര്‍ എംപിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് തിരിച്ചറിയുന്നതിനുള്ള  റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ച ശശി തരൂര്‍ എംപിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ഇന്ന് സംസ്ഥാനത്തെത്തിയത്.  ശശി തരൂർ എം.പിയുടെ ഫണ്ടിൽ നിന്നാണ് കിറ്റുകൾ സജ്ജമാക്കിയത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും.  റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ് 19ന്‍റെ ഫലം ലഭിക്കും. നിലവില്‍ ഫലം അറിയാനായി ആറ്, ഏഴ് മണിക്കൂറുകള്‍ വേണം.

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടുതല്‍ എത്തുന്നതോടെ സമൂഹ വ്യാപനം കണ്ടെത്തി തടയാൻ സഹായകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ ഫണ്ട് ഉപയോഗിച്ച്  250 ഫ്ലാഷ് തെര്‍മ്മോ  മീറ്ററുകളും, വ്യക്തിഗത സുരക്ഷാ കിറ്റുകൾ എന്നിവ കൂടി എത്തിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. എപിയുടെ ഇടപെടല്‍ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എംപി ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപ ചെലവിട്ടാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ശശിതരൂര്‍ എത്തിക്കുന്നത്. കൂടാതെ ഒരു കോടി രൂപ ചെലവിട്ട്  റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും എംപി പറയുന്നു.

click me!