
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ പ്രതിരോധം പാളിയെന്ന് ആവർത്തിച്ച് പ്രതിപക്ഷം. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ടവർക്ക് ഇടയിൽ പോലും ആശയക്കുഴപ്പമുണ്ട്. നിപയെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്. അന്നത്തെ പ്രതിപക്ഷത്തെ പോലെ നിപയെ സിപിഎം രാഷ്ട്രീയ ആയുധമാക്കില്ല.
ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. നിപ ബാധ മേഖലയിൽ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു ഇടത് സർക്കാർ കാലത്തെ ഏകോപനം. ഇന്ന് ജാഗ്രത എവിടെയും കാണുന്നില്ല. ഉത്തരവാദിത്തപ്പെട്ട വിഷയത്തിൽ മന്ത്രി മുൻകയ്യെടുക്കണം. നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലം അല്ല.
നിപയുടെ അതിഗൗരവ സാഹചര്യത്തിൽ ഡിഎച്ച്എസിനെ മാറ്റാൻ നടപടിയുണ്ടായത് ഗൗരവം കണക്കിലെടുക്കാത്ത നടപടിയാണ്. സാധാരണ നിലയിൽ നടക്കുന്ന സംഗതിയല്ല. സിസ്റ്റത്തോട് നിസ്സഹകരണം കാരണമെന്നാണ് മന്ത്രി പറയുന്നത്. സിസ്റ്റം നടപ്പാക്കാൻ ശ്രമിച്ചതാണ് അവർ , അത് മന്ത്രിയും വകുപ്പും കണക്കിലെടുത്തില്ല.
ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നറിയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മഴക്കാല പൂർവ്വ ശുചീകരണം നടന്നില്ലെന്നും ആരോപിച്ചു. കേരളത്തിൽ ഷിഗല്ല വലിയ ആശങ്ക ഉണ്ടാക്കുന്നു. കോളറ സ്ഥിരീകരണത്തിൽ പോലും ആശയക്കുഴപ്പമുണ്ട്. വെസ്നെയിൽ രോഗ ബാധ കാരണം ഒരാഴ്ചക്കിടെ രണ്ട് മരണങ്ങളുണ്ടായി. കൊതുകുവഴി പടരുന്ന രോഗങ്ങളാണ് മിക്കതുമുണ്ടാകുന്നത്. ഭരിക്കുന്നവർക്കെതിരെ ശാപവാക്കുകളുമായി കയ്യടി വാങ്ങിയിരുന്ന ആളാണ് ഇപ്പോൾ ആരോഗ്യമന്ത്രി. ആ സ്ഥിതി ഈ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഭരിക്കുന്നവരെ നോക്കിയല്ല രോഗപകർച്ചയെന്ന് ഒരു മാസത്തിനകം ആരോഗ്യമന്ത്രിക്ക് മനസിലായിക്കാണുമെന്നും പിണറായി പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam