
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള 43 പ്ലീഡർമാരുടെ നിയമനത്തില്‍ കർശന പരിശോധന നടത്തും. ഇനിയുള്ള നിയമത്തില്‍ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും പൂർണ്ണ പരിശോധനയും കർശന നിരീക്ഷണവും ഉണ്ടാകും. ഇതുവരെ നിയമനം ലഭിച്ചവരുടെ കാര്യത്തിലും സൂക്ഷ്മ പരിശോധന ഉണ്ടാകും. ഹൈക്കോടതിയിൽ ആകെ നിയമിക്കേണ്ടത് 133 പ്ലീഡർമാരെയാണ്. ഇതുവരെ 90 പേരെയാണ് നിയമിച്ചത്.
രണ്ട് തവണ കൈപൊള്ളിയതോടെയാണ് സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ കരുതലെടുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. പിന്നാലെ ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപിന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പ്ലീഡർ പട്ടികയില്‍ സിപിഐ അംഗമായ അഡ്വ. പി ദീപ്തി ഉള്‍പ്പെട്ടതും വിവാദമായി. പ്ലീഡർ പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പി ദീപ്തിയുടെ രാജി സിപിഐ ചോദിച്ചുവാങ്ങി. പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി ദീപ്തി പ്രതികരിക്കുകയും ചെയ്തു. യുഡിഎഫ് സർക്കാരിന് നിയമനങ്ങളിൽ കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു.
പ്ലീഡർ നിയമനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പ്ലീഡർമാരെ നിയമിച്ചതിൽ ഒരുതരത്തിലും വന്നുകൂടാത്ത ശ്രദ്ധക്കുറവ് വന്നു. തെറ്റിനെ ന്യായീകരിക്കാതെ തിരുത്തണം. നേതാകളുടെ മാത്രം അധ്വാനം കൊണ്ടല്ല യുഡിഎഫ് അധികാരത്തിൽ വന്നത്. ഒരൊറ്റ ഒപ്പ് കൊണ്ട് 10 വർഷം പറഞ്ഞ രാഷ്‌ട്രീയത്തിന് അവിശ്വാസം നൽകുന്ന തീരുമാനം ഉണ്ടായെന്നും ജിന്റോ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam