കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പ്രതിരോധം വീണക്ക്: സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം

Published : Aug 16, 2023, 07:10 AM IST
കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പ്രതിരോധം വീണക്ക്: സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം

Synopsis

പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന പാര്‍ട്ടിയുടെ മലക്കം മറിച്ചിലാണ് കരിമണൽ മാസപ്പടി വിവാദത്തിലടക്കം ഉണ്ടായത്

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയ സംഭവത്തിലെ പ്രതിരോധ വാദം സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം. മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്.

മകൻ ബിനീഷ് കോടിയേരിയും മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വേറെയാണെന്നും സിപിഎം പാര്‍ട്ടി സംവിധാനം അതിന് പുറത്താണെന്നും സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ കോടിയേരി ബാലകൃഷ്ണൻ എത്തിയത്. പാര്‍ട്ടി നേതൃത്വവും അത് തന്നെ ആവര്‍ത്തിച്ചു. അധികനാൾ പിടിച്ച് നിൽക്കാൻ കോടിയേരിക്ക് കഴിഞ്ഞില്ല. ചികിത്സയുടെ പേരിൽ അവധിയെടുത്ത് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. 

നിരന്തരം വിവാദ ചുഴിയിലകപ്പെടുന്ന മക്കൾ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിൽ മുതിര്‍ന്ന നേതാക്കളിൽ ചിലര്‍ക്കുണ്ടായിരുന്ന അതൃപ്തിയും പ്രതീക്ഷിച്ച പിന്തുണ പാർട്ടിക്കുള്ളിൽ കിട്ടാത്തതിലെ മനോവിഷമവും കോടിയേരിയുടെ തീരുമാനത്തെ സ്വാധീനിച്ചിരുന്നെന്ന് തുടക്കം മുതൽ വിമർശനമുണ്ടായിരുന്നു. 

പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന പാര്‍ട്ടിയുടെ മലക്കം മറിച്ചിലാണ് കരിമണൽ മാസപ്പടി വിവാദത്തിലടക്കം ഉണ്ടായത്. ആക്ഷേപം മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്നപ്പോൾ തന്നെ പ്രതിരോധിക്കാൻ പല പഴുതുകളുണ്ടായി. കൺസൾട്ടൻസിക്ക് കരാറുണ്ടാക്കിക്കൂടെ എന്നും ഇടപാടിൽ സുതാര്യമല്ലാതെ എന്തുണ്ടെന്ന ചോദ്യവും പാർട്ടി നേതാക്കളിൽ നിന്ന് തന്നെ ഉയര്‍ന്നു. മേൽകമ്മിറ്റി ചേരുകയോ വിശദീകരണം തേടുകയോ ചെയ്യും മുൻപേ കേന്ദ്രകമ്മിറ്റി അംഗം മുതൽ സംസ്ഥാന സെക്രട്ടറി വരെ ന്യായീകരണ വാദവുമായി വന്നു. പൊതുസമൂഹത്തോട് മാത്രമല്ല സംസ്ഥാന സെക്രട്ടറിയേറ്റിലോ സംസ്ഥാന സമിതിയിലോ പോലും മുഖ്യമന്ത്രിക്ക് വിവാദം വിശദീകരിക്കേണ്ടിയും വന്നില്ല. നേതൃനിരയാകെ മാസപ്പടി ഡയറിയിൽ നിരന്നതോടെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. 

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം