
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര സംഭാവനത്തട്ടിപ്പിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
'അയോദ്ധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.'- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam