
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങൾ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിച്ചത്നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉന്നയിച്ചു.
പാർട്ടി നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിന് ഉദാഹരണമാണെന്നും സെക്രട്ടറിയേറ്റിൽ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയിൽ കുറ്റപ്പെടുത്തലുണ്ടായി. തളിപ്പറമ്പിൽ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നിർബന്ധം പിടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിൽ പാർട്ടിയുടെ വിശദീകരണം ജനം ഉൾക്കൊണ്ടില്ല. കെ.കെ രാഗേഷ് ജില്ലാ സെക്രട്ടറി എന്ന നിലയിൽ പരാജയമാണെന്നും ജില്ലാ കമ്മിറ്റിയിൽ ആരോപണമുയർന്നു.
അതേസമയം സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ബിനോയ് വിശ്വം കൃത്യസമയത്ത് നിലപാട് പറയുന്നതിൽ പരാജയമാണെന്നും സെക്രട്ടറിയുടെ നിലപാടുകൾ പാർട്ടിയെ പരിഹാസ്യമാക്കിയെന്നും വിമർശനം ഉയർന്നു. രണ്ടാം പിണറായി സർക്കാർ അടിസ്ഥാന വർഗത്തെ മറന്നുവെന്നും കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam