'ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നു'; കിസാൻ ലോങ്ങ് മാര്‍ച്ച് താക്കീതെന്ന് പിണറായി വിജയൻ

Published : Mar 18, 2023, 06:03 PM IST
'ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നു'; കിസാൻ ലോങ്ങ് മാര്‍ച്ച് താക്കീതെന്ന് പിണറായി വിജയൻ

Synopsis

ഒരുവർഷം നീണ്ട ഐതിഹാസികമായ കർഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളർന്നുവരുന്ന കർഷക-തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നു. ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വർദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവർഷം നീണ്ട ഐതിഹാസികമായ കർഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളർന്നുവരുന്ന കർഷക-തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.

ഈ പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്നതാണ് മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിളകൾക്ക് ന്യായമായ വില നിശ്ചയിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ഉള്ളിയടക്കമുള്ള വിളകൾക്ക് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങി 17 ഓളം ആവശ്യങ്ങളുയർത്തി ഇക്കഴിഞ്ഞ മാർച്ച് 13 ന് നാസിക്കിൽ നിന്നാരംഭിച്ച ലോങ്ങ് മാർച്ച് വലിയ പങ്കാളിത്തത്തോടെ മുംബൈ നഗരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. 15000ത്തോളം കർഷകർ അണിനിരന്ന ഈ മുന്നേറ്റത്തിന് ലഭിച്ച പിന്തുണ കണ്ട മഹാരാഷ്ട്ര സർക്കാർ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായി.

നവലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിത്. കർഷക-തൊഴിലാളി വർഗ്ഗമുന്നണി വിജയം നേടുക തന്നെ ചെയ്യുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ വാഗ്ദാനത്തെ തുടർന്ന് ലോങ്ങ് മാർച്ച് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

താനെ ജില്ലയിൽ പ്രവേശിച്ച കർഷകർ പിന്നീട് മുന്നോട്ട് നീങ്ങാതെ അവിടെ തന്നെ തങ്ങുകയാണിപ്പോള്‍. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ഉറപ്പിനെ തുടർന്നാണ് ഇത്. സഭയിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.  എന്നാൽ ഉറപ്പ് പാലിക്കും വരെ തിരികെ പോവില്ലെന്ന് കിസാൻ സഭ പറയുന്നു. വാഗ്ദാനം ഉത്തരവായി ഇറങ്ങുന്നില്ലെങ്കിൽ ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് ലോങ് മാർച്ച് പുനരാരംഭിക്കും.

കേരളത്തിന്‍റെ മനസും സ്നേഹവും; ഭൂകമ്പം തകർത്ത തുർക്കിക്ക് സഹായമായി 10 കോടി അനുവദിച്ചു

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്