
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.
2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ കെ നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ എസ് ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തർ പാഞ്ഞടുത്തെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വെച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.
വ്യോമയാന വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതിക്ക് ഇടത് ഭരണകാലത്ത് പൊലീസ് ശ്രമിച്ചെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ വ്യോമയാന വകുപ്പ് ഒഴിവാക്കിയത് പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ആശ്വാസമാണ്. എന്നാല്‍, പ്രതികളായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ, സുനിത് നാരായണൻ, ശബരിനാഥൻ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന എന്നിവ നിലനിൽക്കും. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചതിൽ കേസെടുക്കണമെന്ന പ്രതികളുടെ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam