
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആരുടെയും അറസ്റ്റ് എസ് ഐ ടി രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നൽകി വിട്ടയച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ് സന്ദീപ്, വി വി വിപിൻ, ആർ അരുൺ, ഷൈജു എന്നിവരെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു. സത്യങ്ങളെല്ലാം എസ് ഐ ടിയോട് പറഞ്ഞെന്നും അദ്ദേഹം വിവരിച്ചു.
കോടതി നിർദേശ പ്രകാരം തുടർച്ചയായ മൂന്നു ദിവസമാണ് പ്രതികൾ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് ഐ ടിക്ക് മുന്നിലെത്തിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ് സന്ദീപ്, വി വി വിപിൻ, ആർ അരുൺ, ഷൈജു എന്നിവരെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചും ചോദ്യം ചെയ്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതെ ക്രിമിനൽ നടപടി ക്രമങ്ങളിലെ സെക്ഷൻ 41 എ പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചു. എപ്പോൾ വിളിപ്പിച്ചാലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഗൺമാൻമാർക്ക് അനുവദിച്ച് നൽകിയ ലാത്തിയേക്കാൾ നീളം കൂടിയ വടിയാണ് മർദിക്കാൻ ഉപയോഗിച്ചതെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് പ്രതികൾ മറുപടി നൽകിയിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണമാണ് നടത്തിയതെന്നും അനുവദിച്ച് നൽകിയ ലാത്തി ഡ്യൂട്ടിക്ക് ശേഷം തിരികെ ഓഫീസിൽ ഏൽപ്പിച്ചു എന്നുമാണ് പ്രതികൾ മൊഴി നൽകിയത്. മൊഴികൾ പൂർണമായി എസ് ഐ ടി വിശ്വാസത്തിൽ എടുത്തിട്ടില്ല. കൂടുതൽ വിവര ശേഖരണത്തിന് ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നാണ് എസ് ഐ ടി തീരുമാനം. അതിനായി ഗൺമാൻമാരെ വീണ്ടും വിളിച്ചുവരുത്തും. അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷം അധികം വൈകാതെ അന്വേഷണ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറും. ശേഷം കേസിൽ കുറ്റപത്രം സമർപ്പിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി എ പി ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി സ്ഥലം മാറ്റിയെങ്കിലും എസ് ഐ ടി തലപ്പത്ത് തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam