
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണവും അട്ടിമറിച്ചു. അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കുന്ന മൊഴി എസ്ഐടിക്ക് ലഭിച്ചു. ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പൊലീസുകാരുമാണ് എസ്ഐടിക്ക് മൊഴിനൽകിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെന്നാണ് മൊഴി. കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം തിരുത്തിച്ചെന്നും മൊഴിയില്‍ പറയുന്നു. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയൽ തിരുത്തിയത്. എസ്ഐടി ഇത് പ്രത്യേക റിപ്പോർട്ടാക്കി ഡിജിപിക്ക് കൈമാറും. തിരുത്തിയതിന് മുമ്പുള്ള റിപ്പോർട്ട് എസ്ഐടി കണ്ടെത്തി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്. എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആര്‍ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല. രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam