ഭക്ഷണവും വാക്‌സീനും സൗജന്യമായി നല്‍കും; അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി പിണറായി

By Web TeamFirst Published May 8, 2021, 5:30 PM IST
Highlights

ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സ്ഥാപനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്‌സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും  സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!